പത്തനംതിട്ട: പ്രളയത്തിൽ ജില്ലയിലുണ്ടായത് 18.63 കോടിയുടെ കൃഷിനാശം. 1692.67 ഏക്കർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായതായാണ് കൃഷിവകുപ്പിെൻറ കണക്ക്. കണക്കെടുപ്പ് തുടരുകയാണെന്ന് കൃഷിവകുപ്പ് അറിയിച്ചു. നെൽകൃഷിക്കാണ് ഏറ്റവും കുടുതൽ നാശമുണ്ടായത്. 410 ഏക്കർ സ്ഥലത്തെ നെല്ല് മുങ്ങിക്കിടക്കുകയാണ്. വെള്ളം ഇറങ്ങിയെങ്കിൽ മാത്രമേ ഇത് എത്രത്തോളം നശിച്ചു എന്ന് പറയാനാകൂ. വിത്ത് വിതച്ച ഒട്ടേറെ പാടങ്ങൾ വെള്ളത്തിലാണ്. വെള്ളം ഒഴിഞ്ഞാൽ മാത്രമേ ഇത് തുടർന്ന് കളിർക്കുമോ എന്ന് മനസ്സിലാക്കാനാകൂ. നെല്ല് കഴിഞ്ഞാൽ ഏറെ നാശം നേരിട്ടത് വാഴ കൃഷിക്കാണ്.
വാഴ കുലച്ചത് 91,600 എണ്ണം നശിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കുലക്കാത്തത് 1,32,200 എണ്ണവും നശിച്ചു. റബർ ടാപ്പിങ് നടത്തിവന്നവയിൽ 1410 എണ്ണം നശിച്ചു. ടാപ്പിങ് നടത്താത്തവ ഇതിലേറെ നശിച്ചു. പച്ചക്കറികൃഷി 148.263 ഏക്കറിലേതും കിഴങ്ങുവിളകൾ 151 ഏക്കറിലേതും നശിച്ചു.
കുരുമുളക് കായ്ഫലമുള്ളവ 5070 എണ്ണവും തൈകൾ 2300 ഏണ്ണവും നശിച്ചു. വെറ്റില, മരച്ചീനി, കരിമ്പ് കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇവയുടെ കണെക്കടുപ്പ് നടന്നുവരുകയാണ്. നദീതീര പ്രദേശങ്ങളിൽ കൈതച്ചക്ക, കമുക്, ഇഞ്ചി, മഞ്ഞൾ എന്നിവക്കും നാശം നേരിട്ടു. വെള്ളം കെട്ടിനിന്നാണ് ഏറെ സ്ഥലത്തും കൃഷി നശിച്ചത്. കർഷകരിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്ക് അതനുസരിച്ചുള്ള നഷ്ടപരിഹാരവും സർക്കാറിെൻറ പ്രകൃതിക്ഷോഭ നഷ്ടപരിഹാര ഇനത്തിൽ അനുവദിക്കുന്ന തുകയും ലഭിക്കും. മറ്റുള്ളവർക്ക് പ്രകൃതിക്ഷോഭ നഷ്ടപരിഹാര ഇനത്തിലെ തുക മാത്രമാകും ലഭിക്കുക. വാഴ കർഷകർക്ക് കുലച്ചവാഴ ഒന്നിന് 300 രൂപ ഇൻഷുറൻസ് തുകയും സർക്കാറിെൻറ നഷ്ടപരിഹാരമായി 100 രൂപയും ലഭിക്കും. കുലക്കാത്തതിന് 150 രൂപ ഇൻഷുറൻസിൽ നിന്നും സർക്കാറിൽനിന്ന് 50 രൂപയും ലഭിക്കും. റബർ ടാപ്പിങ് നടത്തിവന്ന മരം ഒന്നിന് 1000 രൂപ ലഭിക്കും. തെങ്ങ് നഷ്ടമായവർക്ക് തെങ്ങ് ഒന്നിന് 2000 രൂപ ഇൻഷുറൻസ് തുക ലഭിക്കും. വെറ്റില കൃഷി നശിച്ച കറഷകർക്ക് സെൻറിന് 1000 രൂപ ഇൻഷുറൻസിൽനിന്ന് ലഭിക്കും.
തെങ്ങ്, വാഴ കർഷകരിൽ ഏറെയും ഇൻഷുറൻസ് എടുക്കാത്തവരാണ്. തെങ്ങ് ഇൻഷ്വർ ചെയ്യണമെങ്കിൽ കുറഞ്ഞത് 10 എണ്ണം ഒരുമിച്ച് ചെയ്യണമെന്നാണ് വ്യവസ്ഥ. വീട്ടുവളപ്പിലെ തെങ്ങുകർഷകർ ഭൂരിഭാഗവും ഇൻഷുറൻസ് എടുക്കാത്തവരാണ്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. മലയോരമായ റാന്നി, കോന്നി താലൂക്കുകളിലും നാശമുണ്ട്. മണിമല, അച്ചൻകോവിൽ, പമ്പ നദികളാണ് കർഷകരെ കുഴപ്പിച്ചത്. നദീതീരങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കൃഷിഭൂമി തീരം ഇടിഞ്ഞതിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
നാശനഷ്ട കണക്കെടുപ്പ് നീളുന്നു
മല്ലപ്പള്ളി: പ്രളയം നാശം വിതച്ച താലൂക്കിൽ കർഷകരുടെ നാശനഷ്ട കണക്കെടുപ്പ് എങ്ങുമെത്തിയില്ല. മണിമലയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻതോതിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. എന്നാൽ, നാശനഷ്ടത്തിെൻറ കണക്കെടുപ്പ് പൂർത്തിയാക്കാൻ ഇനിയും കാത്തിരിക്കണം. അപേക്ഷകൾ കൃഷി ഓഫിസുകളിൽ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ നാശനഷ്ടക്കണക്ക് പൂർണമായും അറിയാൻ ഇനിയും കാത്തിരിക്കണം. കണക്കെടുപ്പ് പൂർത്തിയാകാൻ വൈകുന്നതിനാൽ കർഷകർക്ക് ലഭിക്കേണ്ട ധനസഹായവും നീളും. പ്രളയത്തിൽ താലൂക്കിൽ ക്ഷീര കർഷകർക്കുണ്ടായത് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ്. ഇതിൽ ഏറെയും കോട്ടാങ്ങൽ പഞ്ചായത്തിലുമാണ്. മറ്റ് നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയുമാണ്. റവന്യൂവകുപ്പ് അധികൃതർ കോട്ടാങ്ങൽ പഞ്ചായത്തിൽ അഞ്ച് സ്ക്വാഡുകളായി നാശനഷ്ടത്തിെൻറ കണക്കുകൾ തയാറാക്കുന്നുണ്ട്. പ്രധാനമായും വീടുകളുടെ കണക്കാണ് എടുക്കുന്നത്. 200ഓളം വീടുകൾക്ക് നാശനഷ്ടം നേരിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കണക്ക് പൂർത്തിയായാൽ ഇനിയും കൂടാനും സാധ്യതയുണ്ട്. മല്ലപ്പള്ളി, കോട്ടാങ്ങൽ, പുറമറ്റം, ആനിക്കാട്, കല്ലകപ്പാറ പഞ്ചായത്തിലായി 10 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 270 പേർ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പൂർണമായും വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനിടെ മഴ മുന്നറിയിപ്പ് ഉണ്ടാകുന്നതിനാൽ ആശങ്കയും നിലനിൽക്കുകയാണ്. കുടിവെള്ള സ്രോതസ്സുകളിൽ വെള്ളം കയറി മലിനജലവും മാലിന്യവും നിറഞ്ഞതിനാൽ കുടിവെള്ളത്തിന് പാടുപെടുന്നവരും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.