അടിമാലി: കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വിലവര്‍ധന ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കാലിത്തീറ്റകളുടെ വില നാല് മാസത്തിനിടെ 50 രൂപ വര്‍ധിച്ചപ്പോള്‍ കോഴിത്തീറ്റയുടെ വിലയിൽ വലിയ വർധനയാണ്. ഗുണനിലവാരത്തില്‍ മുമ്പന്തിയിലുളള കെ.എഫ് കാലിത്തീറ്റക്ക് 50 കിലോ ചാക്കിന് 1495 രൂപയാണ് ഇപ്പോഴത്തെ വില. ഇതേ തൂക്കം വരുന്ന കോഴിത്തീറ്റയുടെ വില 2500 രൂപയിലുമെത്തി. കോഴിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്ന സോയാബീന്‍സിനും ചോളത്തിനും വില വലിയതോതില്‍ ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം.
കേരളത്തില്‍ പ്രധാനമായി കോഴിത്തീറ്റ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. ഓരോ മാസവും വില ഉയര്‍ന്നതോടെ നൂറുകണക്കിന് കര്‍ഷകരാണ് ഇറച്ചി കോഴിവളര്‍ത്തല്‍ നിര്‍ത്തിവെച്ചത്. ഒരുകിലോ കോഴിയിറച്ചിക്ക് 105 മുതല്‍ 115 രൂപ വരെയാണ് ഹൈറേഞ്ചില്‍ വിവിധയിടങ്ങളിലെ ചില്ലറ വിൽപന. ഈ വില കര്‍ഷകര്‍ക്ക് നല്കിയാല് പോലും തീറ്റവില ഉയര്‍ന്ന് നില്ക്കുന്നതിനാല് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. കെ.എഫ് കാലിത്തീറ്റക്ക് പുറമെ മറ്റുള്ളവക്കും വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കാലിത്തീറ്റയുടെ വിലവര്‍ധനക്കനുസരിച്ച് പാല്‍വില ഉയര്‍ന്നിട്ടില്ല. പാലിന് ഇപ്പോഴും ലിറ്ററിന് 40 രൂപയില്‍ താഴെയാണ് കര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നത്. വര്‍ഷങ്ങളായി നല്കിയ സബ്സിഡി പിന്‍വലിച്ചു.
കൂടാതെ ക്ഷീര കര്‍ഷക ഇന്‍ഷ്വറന്‍സ് മുടങ്ങി. പശുക്കള്‍ക്ക് തീറ്റയായി നല്കുന്ന പരുത്തിപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, ചോളം എന്നിവക്കെല്ലാം 120 രൂപവരെ വിലകൂടി. 50 കിലോയുടെ ഒരുചാക്ക് പരുത്തിപ്പിണ്ണാക്കിന് 3332 രൂപയായിരുന്നതിന് ഇപ്പോള്‍ 42 രൂപ വര്‍ധിച്ചു. കടലപ്പിണ്ണാക്കിന് 40 രൂപയായിരുന്നു ഒരുമാസം മുമ്പുവരെ. അതിപ്പോള്‍ 55 മുതല്‍ 60 രൂപവരെയായി. തേങ്ങാപ്പിണ്ണാക്കിന് 35 രൂപയില്‍നിന്ന് 45 രൂപയായി. മില്‍മ പാല് വില്‍ക്കുന്നത് 52 രൂപക്കാണ്. എന്നാല്‍ റീഡിംഗ്,ഫാറ്റ് തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകര്‍ക്ക് പാലിന് അര്‍ഹമായ വിലപോലുമില്ല. പ്രാദേശിക മില്‍മ സഹകരണ സംഘങ്ങള്‍ പാല് ചില്ലറ വില്‍ക്കുന്നതും 52 രൂപക്കാണ്.
കര്‍ഷകര്‍ അളന്ന് 40 രൂപയില്‍ താഴെ നല്കുബോള് അവരെ സാക്ഷിയാക്കി തന്നെ ചില്ലറ വില്‍ക്കുന്നത് 52 രൂപക്കാണ്.ഇങ്ങനെ മില്‍മയോടൊപ്പം മെച്ചമുണ്ടാക്കുന്ന സഹകരണ സ്ഥാപനങ്ങളാണ് കൂടുതല്‍. ഈ സാഹചര്യത്തില്‍ പാലിന് വില കൂട്ടാതെ തന്നെ ന്യായമായ വില കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഫാറ്റും റീഡിംഗും വഴിയുളള തട്ടിപ്പ് ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മാസവും തീറ്റയുടെ വില കൂടുന്നു. മുട്ടക്കോഴിയെ വളര്‍ത്തുന്നത് വലിയ നഷ്ടമായി മാറുകയാണ്. കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും വില പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകണം. നേരത്തെ ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായങ്ങള്‍ കാലിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോഴതില്ല. മാത്രമല്ല ക്ഷീരവികസന വകുപ്പ് ചെറുകിട കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും കൊണ്ടുവരുന്നില്ല. ഈസ്ഥിതി മാറണമെന്നും കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.