പുൽപള്ളി: കാലിത്തീറ്റ വിലവർധനവു കാരണം ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിൽ. രണ്ടുവർഷം മുമ്പ് കാലിത്തീറ്റ വില 1000 രൂപയായിരുന്നത് ഇപ്പോൾ 1400 രൂപയായി ഉയർന്നു. കടലപ്പിണ്ണാക്കിന്റെ വില 1000ത്തിൽ നിന്ന് 1600 ആയി ഉയർന്നു. ചോളപ്പൊടിയുടെ വില 400ൽനിന്ന് 675 ആയി.
ഉൽപാദന ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ക്ഷീര കർഷകർ പാടുപെടുമ്പോഴാണ് ഇരുട്ടടിയായി കാലിത്തീറ്റയുടെ വില ഉയരുന്നത്. കാലിത്തീറ്റ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. ഇന്ധന വിലവർധനയും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാലിത്തീറ്റ വിലവർധനക്ക് ഇടയാകുന്നുണ്ട്. കാലിത്തീറ്റ, പിണ്ണാക്ക്, തീറ്റപ്പുല്ല്, വയ്ക്കോൽ തുടങ്ങിയവക്കെല്ലാം സമീപകാലത്ത് വില ഉയർന്നു.
മിൽമയുടെ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് പാലിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ് വില നൽകുന്നത്. 33 രൂപ മുതൽ 38 രൂപ വരെയാണ് വില. കാലിത്തീറ്റയുടെ വിലവർധനക്ക് ആനുപാതികമായി പാലിന് വില കൂട്ടി നൽകിയാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാവൂ എന്ന് കർഷകർ പറയുന്നു.
സമീപകാലത്തൊന്നും പാലിന്റെ വില ഉയർത്തിയിട്ടുമില്ല. വേനൽ ശക്തമായതോടെ പച്ചപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞു. ഇതോടെ വയ്ക്കോലും കാലിത്തീറ്റകളുമാണ് കർഷകർക്ക് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.