പുൽപള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ നെൽകർഷകർക്ക് തിരിച്ചടിയായി. പുൽപള്ളി ചേകാടിയിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ സുഗന്ധ നെല്ലിനമായ ഗന്ധകശാല ചെടികൾ നിലംപൊത്തി. വിളവെടുക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് മഴയിൽ നെൽച്ചെടികൾ വീണുപോയത്. മറ്റ് നെല്ലിനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയരത്തിൽ വളരുന്ന നെല്ലിനമാണ് ഗന്ധകശാല. ഭൗമ സൂചിക പട്ടികയിൽ ഇടം ലഭിച്ച നെല്ലിനമാണിത്.
വയനാട്ടിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ചേകാടിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയത്താണ് നെൽചെടികൾ വീണത്. നെൽ കതിരുകളാകെ വയലിൽ വീണു കിടക്കുകയാണ്. ഇത് കൊയ്തെടുക്കാൻ ഏറെ പാടുപെടണം. മറ്റ് നെല്ലിനങ്ങളെക്കാൾ പരിചരണം നൽകിയാണ് ഇത് കർഷകർ വിളയിച്ചത്. ചേകാടിയുടെ മുഖമുദ്രയാണ് സുഗന്ധ നെല്ലിനമായ ഗന്ധകശാല. മറ്റ് നെല്ലിനങ്ങളേക്കാൾ വിലയും കൂടുതൽ ലഭിക്കുന്നുണ്ട്. കർഷകരുടെ പ്രതീക്ഷകളാണ് മഴയിൽ പൊലിഞ്ഞിരിക്കുന്നത്.
തുറസ്സായ സ്ഥലങ്ങളിലും ഗ്രോബാഗുകളിലും മികച്ച ഉൽപാദനം ലഭിക്കും
കൽപറ്റ: ചീര ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. പച്ചക്കറി കടകളിലും വഴിയോരത്തും ചീര വിൽപനക്കുവെച്ചതു കണ്ടാൽ വാങ്ങത്തവർ കുറവായിരിക്കും. വയനാട്ടിൽ ചെറു പച്ചക്കറിത്തോട്ടം ഇല്ലാത്ത വീട്ടമ്മമാർ കുറവായിരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലടക്കം ചീര കൃഷി ചെയ്ത് വിൽപന നടത്തുന്നത് വ്യാപകമായി തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ചീര കൃഷി ചെയ്യാന്‍ അനുയോജ്യമായ കാലാവസ്ഥയാണ്. പച്ചച്ചീരയും ചുവന്ന ചീരയും ആണ് പ്രധാനമായും കൃഷിചെയ്യുന്നത്. തുറസ്സായ സ്ഥലങ്ങളിലും ഗ്രോബാഗുകളിലും നല്ല ഉൽപാദനം ലഭിക്കും. അഞ്ചു ഗ്രാം വിത്ത് കൊണ്ട് ഒരു സെന്റ് സ്ഥലത്തേക്ക് വേണ്ട തൈ ഉണ്ടാക്കിയെടുക്കാം. നഴ്സറി തയാറാക്കി വിത്ത് പാകി മുളപ്പിച്ചെടുത്ത തൈകള്‍ മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ പറിച്ചു നടാം. നന്നായി കിളച്ച് നിലമൊരുക്കിയ ശേഷം 30-35 സെന്റീമീറ്റര്‍ വീതിയില്‍ 30 സെ.മീറ്റര്‍ അകലത്തില്‍ ചാലുകള്‍ കീറി സെന്റൊന്നിന് ഒന്ന് മുതല്‍ മൂന്ന് കിലോ വരെ കുമ്മായം ചേര്‍ത്തിടണം.
10 ദിവസത്തിനു ശേഷം ഉണക്കിപ്പൊടിച്ച ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകം സെന്റൊന്നിന് 200 കിലോ, രാസ വളങ്ങളായ യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 450 ഗ്രാം, 1.25 കിലോ ഗ്രാം, 350 ഗ്രാം എന്നിവ അടിവളമായി നല്കി ചാലുകളില്‍ ഒന്നര ചാണ് അകലത്തില്‍ ചീര തൈകള്‍ നടാം. രണ്ടാംഘട്ട വളപ്രയോഗമായി 217ഗ്രാം യൂറിയ മേല്‍ വളമായി നല്‍കാം. ജൈവരീതിയില്‍ ചാണകപൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, ചാരം എന്നിവ തുല്യഭാഗമായി എടുത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കാം. പറിച്ചു നട്ട് ഏകദേശം 25 ദിവസത്തിനു ശേഷം വിളവെടുപ്പ് നടത്താം. വിളവെടുപ്പിനുശേഷം ഒരു ശതമാനം യൂറിയ തളിച്ചു കൊടുക്കുന്നത് വിളവ് വർധിപ്പിക്കും.
പ്രധാന കീടമായ ഇലതീനി പുഴുക്കള്‍ക്കെതിരെ ഗോമൂത്രം, കാന്താരി മുളക് മിശ്രിതം, വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവ ഉപയോഗിക്കാം. ചീരയിലെ ഒരു പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ചുവന്ന ചീരയും, പച്ചച്ചീരയും ഇടകലര്‍ത്തി നടുന്നത് രോഗം കുറക്കുന്നു. സ്യൂഡോമോണാസ് ഉപയോഗിച്ച് വിത്തു പരിചരണം നടത്തുന്നതും 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ പച്ച ചാണക തെളിയില്‍ കലക്കി തളിക്കുന്നതും രോഗ നിയന്ത്രണത്തിന് ഫലപ്രദമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.