വേങ്ങര: അവശത അനുഭവിക്കുന്ന കാലികളെ ഒറ്റക്ക് ഉയർത്തി ചികിത്സിക്കാന്‍ സഹായിക്കുന്ന 'കൗ ലിഫ്റ്റ്' ഉപകരണം വികസിപ്പിച്ചെടുത്ത് ക്ഷീരകർഷകന്. ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് മേലേതൊടി നൗഷാദാണ് (45) ക്ഷീരകര്‍ഷകര്‍ക്ക് ഏറെ സഹായകമായ ഉപകരണം വികസിപ്പിച്ചത്.
ഒറ്റക്ക് എഴുന്നേൽക്കാൻ കഴിയാത്ത പശുക്കളെ ഈ യന്ത്രമുപയോഗിച്ച് ഉയർത്തി നിർത്തി കുളിപ്പിക്കുന്നതിനും മുറിവുകൾ വൃത്തിയാക്കുന്നതിനും മരുന്നുകൾ നൽകുന്നതിനും സഹായിക്കും. മൃദുലവും ഭാരം താങ്ങാൻ കഴിയുന്നതുമായ നാല് ബെൽറ്റുകളാണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. ഇവ കാലികളുടെ ശരീരത്തിൽ ഘടിപ്പിച്ച് ആവശ്യാനുസരണം ഉയർത്തുന്നതിനുള്ള സംവിധാനം ഉപകരണത്തിലുണ്ട്. ഒരു ടൺ വരെ ഭാരമുള്ള കാലികളെ ഉയർത്താൻ കഴിയും.
ജി.ഐ കുഴലുകൾ ഉപയോഗിച്ച് നാല് കാലുകളിലാണ് കൗ ലിഫ്റ്റിന്റെ പ്രവർത്തനം. മുൻഭാഗത്തെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചതിനാൽ ആവശ്യമുള്ള സ്ഥലത്തേക്ക് ഉരുട്ടിക്കൊണ്ടു പോകുന്നതിനും കഴിയും. മൂന്ന് മോഡലുകൾ തയാറാക്കിയിട്ടുണ്ട്.
പ്രവാസജീവിതം അവസാനിപ്പിച്ച് ഒന്നര പതിറ്റാണ്ടായി ക്ഷീര കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന നൗഷാദ് കാർഷികരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്. വ്യത്യസ്ത പാലുൽപന്നങ്ങള് നിര്‍മിച്ച് മാര്‍ക്കറ്റിലെത്തിച്ച് ശ്രദ്ധേയനാണ് ഈ യുവാവ്. വീട്ടുവളപ്പിലെ ക്ഷീരകൃഷി വിജയിച്ചതോടെ അഞ്ച് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പശു വളർത്തലും പുൽകൃഷിയും പാൽ അനുബന്ധ വസ്തുക്കളുടെ നിർമാണവും നടത്തുന്നുണ്ട്.
നൗഷാദ് നേരത്തേ നിര്‍മിച്ച കാലികളുടെ കൊളമ്പുകൾ വെട്ടി മിനുക്കുന്ന 'ഹൂഫ് ട്രിമ്മിങ്ങിനായുണ്ടാക്കിയ യന്ത്രം ഇതിനകം പ്രശസ്തി നേടിയിരുന്നു. ഹൂഫ് ട്രിമ്മിങ്ങിനായി പശുക്കളെ നിർത്തുന്ന ആധുനിക രീതിയിലുള്ള പോർട്ടബിൾ ട്രെവിസ് നൗഷാദിന്റ പക്കലുള്ളതിനാൽ കേരളത്തിൽ മിക്ക വെറ്ററിനറി ഡോകടർമാരും ഹൂഫ് ട്രിമ്മിങ്ങിനായി നൗഷാദിന്റെ പേരാണ് നിർദേശിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.