15 കിലോ തക്കാളിക്ക്​ രണ്ടുരൂപ​; നെഞ്ച്​ തകർന്ന്​ കർഷകർ, ടൺകണക്കിന്​ ലോഡ്​​ റോഡരികിൽ തള്ളുന്നു -VIDEO

ബംഗളൂരു: 15 കി​േലാ തക്കാളിക്ക്​ കർഷകന്​ ലഭിക്കുന്നത്​ രണ്ടുരൂപ. കിലോ ഗ്രാമിന്​ 20 -30 രൂപ ലഭിച്ചിരുന്ന സ്​ഥാനത്താണിത്​. അതോടെ പ്രതീക്ഷകൾ അസ്​തമിച്ച കർഷകർ ടൺ കണക്കിന്​ ലോഡ്​ തക്കാളിയാണ്​ റോഡരികിൽ തള്ളുന്നത്​. വിളവെടുക്കുന്ന തൊഴിലാളിയുടെ കൂലി നൽകാൻ പോലും ഇത്​ തികയില്ലെന്ന്​ കർഷകർ പറയുന്നു. കർണാടകയിലെ കോലാറിൽ ട്രാക്​ടറുകളിൽ കൊണ്ടുവന്ന തക്കാളി റോഡരികിൽ തള്ളുന്നതിന്‍റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൗതുകക്കാഴ്ചയാണ്​.

കോവിഡ്​ വ്യാപനം തടയാൻ നിരവധി സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയതാണ്​ കർഷകരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്​ത്തിയത്​.

രാജ്യത്തുടനീളം പച്ചക്കറി കർഷകർ വിളവ്​ കൊയ്തെടുക്കാനും കൃത്യസമയത്ത് വിപണിയിലെത്തിക്കാനും പാടുപെടുകയാണ്. ഇതിനുപുറമെയാണ്​ വില കുത്തനെ ഇടിഞ്ഞത്​. ചരക്കുനീക്കം നിലച്ചതും കടകളകടച്ചതും ചൂണ്ടിക്കാട്ടിയാണ്​ മൊത്ത കച്ചവടക്കാർ വില കുറച്ചത്​. മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ലെന്ന്​ കർഷകർ വേദനയോടെ പറയുന്നു.

''15 കിലോയ്ക്ക് 2 രൂപയാണ്​ മൊത്ത കച്ചവട കേന്ദ്രങ്ങൾ പറയുന്നത്​. ഇത് വണ്ടി വാടക നൽകാൻ പോലും തികയില്ല'' കോലാറിലെ തക്കാളി കർഷകൻ പറഞ്ഞു. ലോക്ക്ഡൗണും അന്തർസംസ്ഥാന ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളും കാരണം കർണാടകയിൽ നിന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രക്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതാണ്​ വിപണിയിൽ പ്രതിഫലിച്ചത്​.


സോസ്​, കെച്ചപ്പ്​ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനോ സർക്കാറിന്‍റെ നേതൃത്വത്തിൽ സംഭരിക്കുന്നതിനോ സംവിധാനങ്ങളില്ലാത്തതാണ്​ ഈ ദുരവസ്​ഥക്ക്​ കാരണമെന്ന്​ കർഷകർ പറയുന്നു. തക്കാളി കർഷകർ മാത്രമല്ല ദുരിതത്തിൽ അകപ്പെട്ടത്​. കോലാറിലെ പുഷ്പ കർഷകരും സമാന അവസ്​ഥയിലൂടെയാണ്​ കടന്നുപോകുന്നത്​. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുറയുകയും പൂക്കടകൾ അടച്ചിടുകയും ചെയ്​തതോടെ ലോഡ്​ കണക്കിന്​ പൂക്കൾ റോഡരികിൽ തള്ളുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

Tags:    
News Summary - Forced To Sell At Rs 2 For 15 Kgs, Karnataka Farmers Dump Tomatoes On Roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.