ചാരുംമൂട്: നാട്ടിലെ കൃഷിയിടത്തിൽ പ്രവാസിജീവിതം തീർത്ത പാഠങ്ങളുടെ പരീക്ഷണശാലയാക്കി കർഷകൻ ശ്രദ്ധേയനാകുന്നു. നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവിയാണ് (63) വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക ഇനങ്ങൾ തന്റെ കൃഷിയിടത്തിൽ ചെയ്ത് പൊന്നുവിളയിക്കുന്നത്.
സൗദിയിലെ കൃഷിത്തോട്ടത്തിൽ 1983ൽ മേൽനോട്ടച്ചുമതലക്കാരനായി ജോലിക്ക് പ്രവേശിച്ച രവി മണലാരണ്യത്തിൽ പച്ചവിരിച്ചു നിൽക്കുന്ന വിശാലമായ തോട്ടത്തിലെ കൃഷി കൗതുകത്തോടെ പഠിച്ചു. മൂന്ന് വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ദൃഢപ്രതിജ്ഞയെടുത്തു. മരുഭൂമിയിൽ മനോഹരമായി കൃഷി ചെയ്യാമെങ്കിൽ എല്ലാകൃഷിവിളകളും സമൃദ്ധിയായി വിളയുന്ന സ്വന്തം മണ്ണിൽ കൃഷി ചെയ്യുകയെന്നതായിരുന്നു ആ പ്രതിജ്ഞ. വീടിനോടു ചേർന്നുകിടക്കുന്ന 80 സെന്റ് ഭൂമി ഗൾഫിൽവെച്ച് പഠിച്ച അറിവുകൾ ഉപയോഗിച്ചു പരീക്ഷണശാലയാക്കുകയായിരുന്നു.
ആദ്യകൃഷി അനുഭവം വെറുതെ ആയില്ല. 2020ലെ സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി കർഷകനുള്ള ജില്ലയിലെ ഒന്നാം സ്ഥാനം രവിയെ തേടിയെത്തി. തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും പഞ്ചാബിലും ഹരിയാനയിലും കൃഷി ചെയ്യുന്ന ചോളം, അമര, ഉഴുന്ന്, തക്കാളി, കുക്കുമ്പർ, കടല, സവാള, കിഴങ്ങ്, ക്യാരറ്റ് തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത് വൻ വിജയമായി. നാടൻ പച്ചക്കറികളും ധാരാളമായി കൃഷി ചെയ്യുന്നു. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപമുള്ള ചുരണ്ട എന്ന സ്ഥലത്തുനിന്നാണ് വിത്തുകൾ വാങ്ങുന്നത്. ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. വീടിനോട് ചേർന്നുള്ള സ്വന്തം കൃഷിസ്ഥലത്തും പാട്ടത്തിനെടുത്ത രണ്ട് ഏക്കറിലുമായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്.
പാലമേൽ കൃഷി ഓഫിസറുടെയും വസ്തു പാട്ടത്തിനു തന്നവരുടെയും സഹകരണമാണ് കൃഷിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടപ്പാക്കാൻ പ്രേരകമാകുന്നതെന്ന് ഈ കർഷകൻ പറയുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽ വിളഞ്ഞ പച്ചക്കറികളാണ് പാലമേൽ കാർഷിക വിപണിയിൽ അധികവും എത്താറുള്ളത്. പാലമേൽ എ ഗ്രേഡ് കാർഷിക വിപണി ജോ. സെക്രട്ടറി, സമൃദ്ധി പച്ചക്കറി ക്ലസ്റ്റർ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിക്കുന്നു. കൃഷിയിടങ്ങളിൽ സഹായിക്കാൻ ഭാര്യ രമണിയും മക്കൾ രാജിയും രാജീവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.