മൂന്നാർ: ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിൽ ഇത് വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലം. സംസ്ഥാനത്ത് മൊത്തം ഉൽപാദിപ്പിക്കുന്ന ശീതകാല പച്ചക്കറികളുടെ 40 ശതമാനവും വട്ടവടയും കാന്തല്ലൂരും മൂന്നാർ തോട്ടം മേഖലയും ഉൾപ്പെട്ട ദേവികുളം താലൂക്കിലാണ്. വർഷത്തിൽ രണ്ട് സീസണാണ് വെളുത്തുള്ളിക്കുള്ളത്.
ഇതിൽ ആദ്യ സീസൺ വിളവെടുപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബറിലാണ് രണ്ടാം സീസൺ വിളവെടുപ്പ്. മേട്ടുപ്പാളയം, സിംഗപ്പൂർ (ചുവപ്പ് പൂണ്ട്) എന്നീ രണ്ടിനങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഇളംപിങ്ക് നിറമുള്ള സിംഗപ്പൂർ ഇനമാണ് ഇപ്പോൾ വിളവെടുക്കുന്നത്. ഇക്കുറി വെളുത്തുള്ളിക്ക് നല്ല വിലയാണ് ലഭിക്കുന്നതെന്നതിനാൽ കർഷകർ സന്തോഷത്തിലാണ്. വിളവെടുത്ത് ഉണക്കിയ വെളുത്തുള്ളി കിലോയ്ക്ക് 300 മുതൽ 400 രൂപവരെ ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നുണ്ട്. പച്ചക്ക് 150 രൂപ വരെയാണ് വില.
തമിഴ്നാട്ടിലെ വടുകപട്ടിയാണ് വെളുത്തുള്ളിയുടെ പ്രധാന മാർക്കറ്റ്. വിത്തുകൾ എത്തുന്നത് മേട്ടുപ്പാളയം, മധുര എന്നിവിടങ്ങളിൽ നിന്നാണ്. ഒരേക്കറിൽ 150 കിലോ വരെ വിത്താണ് വേണ്ടിവരുന്നത്. ഏക്കറിൽനിന്ന് രണ്ട് മുതൽ മൂന്ന് ടൺ വരെ വെളുത്തുള്ളി വിളവെടുക്കാം.
വിളവെടുത്ത് വെയിലത്തിട്ട് ഉണ്ടാക്കിയശേഷം അടുപ്പിന് മേലെ കെട്ടിത്തൂക്കി പുക കൊള്ളിച്ചശേഷമാണ് വിൽപന. വെളുത്തുള്ളിയിൽ രാസവളപ്രയോഗം വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂ. 4 മുതൽ 5 മാസം വരെയാണ് വളർച്ചകാലം. വട്ടവടയിലും കാന്തല്ലൂരുമായി ഒട്ടേറെ ചെറുകിട കർഷകരാണ് വെളുത്തുള്ളിക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.