ആലത്തൂർ: നെല്ലറയുടെ നാട്ടിൽ സർക്കാറിന്റെ അരി മില്ല് വാഴുന്നില്ല. ഒന്നാം വിള കൊയ്ത്ത് തുടങ്ങി ഏറെയായിട്ടും താങ്ങുവില നെല്ലെടുപ്പ് തുടങ്ങിയിട്ടില്ല. സംഭരണത്തിന് സ്വകാര്യ മില്ലുകാരുമായി ധാരണയാവാത്തതാണ് വെല്ലുവിളിയാകുന്നത്. 10 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ആലത്തൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള മില്ല് ഇടക്ക് പ്രവർത്തനം നിലച്ചെങ്കിലും വീണ്ടും പ്രതിസന്ധിയിലായി. സംസ്ഥാന സർക്കാറിന്റെ ആദ്യത്തെ ആധുനിക അരി മില്ലാണ് ആലത്തൂരിലേത്.
പ്രവർത്തന ഫണ്ട് സർക്കാർ അനുവദിക്കാത്തതിനെ തുടർന്നാണ് മില്ല് നിശ്ചലമായതെന്ന് ജീവനക്കാർ പറയുന്നു. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷന്റെ കീഴിലായിരുന്ന മില്ല് പുനഃപ്രവർത്തനത്തിനായി ഓയിൽപാം ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കുകയായിരുന്നു.
2008ൽ ഉദ്ഘാടനം ചെയ്ത മില്ല് ഏതാനും മാസങ്ങൾക്കകം പണിമുടക്കിയതോടെ പല ചർച്ചകൾക്കുശേഷം 2018 നവംബർ 18നാണ് വീണ്ടും തുറന്നത്. ഉദ്ഘാടനം ചെയ്ത അന്നത്തെ കൃഷിമന്ത്രി വി എസ്. സുനിൽകുമാർ പറഞ്ഞത് ഇനിയൊരിക്കലും മില്ല് പൂട്ടില്ലെന്നാണ്. എന്നാൽ മില്ലിനായി ഓയിൽ പാം ഇന്ത്യ ആലത്തൂർ മാർക്കറ്റിങ് സൊസൈറ്റി മുഖേന കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്നാണ് വീണ്ടും മില്ലിന് താഴുവീണത്.
ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാനുള്ള ശേഷിയും സംവിധാനവും ഇവിടെയുണ്ട്. നെല്ല് പുഴുങ്ങി അരിയാക്കി നൽകുന്നതിന് ഇപ്പോൾ സ്വകാര്യ മില്ലുകാർക്ക് നൽകുന്ന തുക സർക്കാർ മില്ലിന് നൽകിയാൽ മതിയെന്നിരിക്കെ അങ്ങിനെയൊരു ചർച്ചയോ തീരുമാനമോ എവിടെ നിന്നും വരുന്നില്ലെന്നത് ഖേദകരമാണെന്ന് കർഷകർ പറയുന്നു. കൃഷി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ഭരണമുന്നണിയിലെ പ്രധാന കക്ഷിയുടെ കീഴിലായിട്ടും അനാസ്ഥ തുടരുകയാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.