കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ കമ്പം മേഖലയിലെ മുന്തിരിക്ക് കേന്ദ്ര സർക്കാറിന്റെ ഭൗമസൂചിക പദവി ലഭിച്ചത് കർഷകർക്ക് ഇരട്ടി മധുരമായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി കേന്ദ്ര അംഗീകാരം എത്തിയത്.
ദേശപരമായ സവിശേഷതകളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും പരമ്പരാഗത മേന്മ വഴിയും ലഭിക്കുന്നതാണ് ഭൗമസൂചിക പദവി.മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപന്നങ്ങൾക്കാണ് പ്രദേശത്തിന്റെ പേരിൽ ഇത്തരം അംഗീകാരം പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം നൽകുക.
കേരളത്തിൽ ഭൗമസൂചിക പദവിയിൽ ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും നവര അരിയും പാലക്കാടൻ മട്ടയും മറയൂർ ശർക്കരയും പട്ടികയിൽ ഇടം പിടിച്ചു.ഊട്ടിയിലുള്ള ഭക്ഷണവിഭവമായ വർക്കി, ആത്തൂർ വെറ്റില, മാർത്താണ്ഡത്തെ തേൻ, മണപ്പാറയിലെ മുറുക്ക് എന്നിവക്കൊപ്പമാണ് കമ്പത്തെ മുന്തിരിയും പട്ടികയിൽ കടന്നുകൂടിയത്. മേഘമല വന്യജീവി സങ്കേതത്തിന്റെ അടിവാര പ്രദേശത്ത് കമ്പം കാർഷികമേഖലയിലെ നൂറോളം ഗ്രാമങ്ങളിലാണ് മുന്തിരി വിളയുന്നത്. പ്രദേശത്തെ താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂല ഘടകമായതോടെ മികച്ച വിളവാണ് മുന്തിരി കർഷകർക്ക് ലഭിക്കുന്നത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് മുന്തിരി കൃഷിയുള്ളത്.
ഇവിടെ വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവെടുക്കാനാവുന്നത്. എന്നാൽ, തേനി, കമ്പം മേഖലകളിൽ വർഷത്തിൽ മൂന്നുതവണ വിളവെടുക്കാറുണ്ടെന്ന് കർഷകർ പറയുന്നു. കൃഷിക്ക് മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഭൗമസൂചിക പദവി ലഭിച്ചതോടെ കയറ്റുമതി വർധിക്കുകയും മികച്ച വില ലഭിക്കുകയും ചെയ്യുമെന്നതാണ് കർഷകരെ സന്തോഷത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.