മൂന്നാർ: ഹോർട്ടികോർപ് സംഭരണം നിർത്തിയതോടെ കാർഷികോൽപന്നങ്ങൾ വിൽക്കാൻ മാർഗമില്ലാതെ വലയുന്ന വട്ടവടയിലെ പട്ടികവർഗ കർഷകർക്ക് കൈത്താങ്ങായി ഹരിതരശ്മി പദ്ധതി. വിളവെടുപ്പ് സീസണിൽ ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് ന്യായവില നൽകി പച്ചക്കറി സംഭരിക്കുന്നതിനാണ് ഹരിതരശ്മി പദ്ധതിവഴി തുടക്കം കുറിക്കുന്നത്.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ബീൻസ് എന്നിവയാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നവ മൊത്തവ്യാപാരികൾ, ഹോട്ടൽ ശൃംഖലകൾ, വിവാഹപ്പാർട്ടികൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
പട്ടികവർഗ വികസന വകുപ്പാണ് ആദിവാസി ഊരുകളിൽ ഈ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനാണ് നിർവഹണ ചുമതല. പട്ടികവർഗ വിഭാഗത്തിലെ പരമ്പരാഗത കർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉൽപന്നങ്ങളുടെ വില നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഹോർട്ടികോർപ് കഴിഞ്ഞ ഓണ സീസണിൽ ഇവിടെ കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നത് നിർത്തിയിരുന്നു. ഇത് ഇടനിലക്കാരുടെ കടന്നുകയറ്റത്തിനും വിലയിടിവിനും കാരണമായിരുന്നു. ആദിവാസി ഊരുകളിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ തുച്ഛ വിലക്ക് വിൽക്കേണ്ടി വന്നതു മൂലം വലിയ നഷ്ടത്തിന് ഇത് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.