ആലപ്പുഴ: ജില്ലയിൽ രണ്ടാം കൃഷിയുടെ കൊയ്ത്തിനൊരുങ്ങി കുട്ടനാട്, അപ്പർ കുട്ടനാട് മേഖല. 25നാണ് തകഴി, എടത്വ മേഖലകളിലെ പാടശേഖരങ്ങളിലെ കൊയ്ത്ത്. ഇവിടങ്ങളിൽ 'മനുരത്ന' വിത്താണ് വിതച്ചത്. അഞ്ചു ബ്ലോക്കുകളിലെ 141 പാടശേഖരങ്ങളിലായി 8107 ഹെക്ടറിലാണു രണ്ടാംകൃഷിയിറക്കിയത്. രണ്ടാംകൃഷിയിൽ പതിവുപോലെ 95 ശതമാനവും 'ഉമ' വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. എട്ടു പാടശേഖരങ്ങൾ 'മനുരത്ന' ഉപയോഗിച്ചു. ഉമ 130ാം ദിവസവും മനുരത്ന പരമാവധി 100 ദിവസത്തിലും കൊയ്യാം.
മഴഭീഷണിയുള്ള രണ്ടാംകൃഷിയിൽ നൂറിൽത്താഴെ ദിവസത്തിൽ വിളവെടുക്കാൻ പാകമാകുന്ന വിത്തുകളാണു പ്രയോജനകരം. എന്നാൽ, കുട്ടനാടൻ പാടശേഖരങ്ങളിൽ ഉമയെക്കാൾ മികച്ച പ്രതിരോധശേഷി മനുരത്നക്കില്ലെന്നു വിദഗ്ധർ പറയുന്നു. കീടാക്രമണ സാധ്യതകളും കൂടുതലാണ്. ഹരിപ്പാട് മേഖലയിൽ പലയിടത്തും ഈമാസം ആദ്യമാണ് വിതച്ചത്. ഇവിടങ്ങളിൽ ഡിസംബർ അവസാനത്തോടെ കൊയ്ത്ത് പൂർത്തിയാകും.
അതിനിടെ ഒക്ടോബർ അവസാനം രണ്ടാംകൃഷിയുടെ കൊയ്ത്ത് വ്യാപകമാകുന്നതോടെ ചമ്പക്കുളം, നെടുമുടി കൃഷിഭവൻ പരിധിയിലെ രണ്ടായിരത്തോളം ഹെക്ടറിലെ കൊയ്ത്തിൽ ആശങ്കയുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിെൻറ പുനരുദ്ധാരണം നടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങളെത്തുന്നതിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. പണി പുരോഗമിക്കുന്നതിനാൽ അധികംദൂരം സഞ്ചരിച്ചു യന്ത്രമെത്തിക്കേണ്ടിവരുന്നത് അധികച്ചെലവുണ്ടാക്കും. എ.സി റോഡിൽ ഒന്നാംകരമുതൽ പള്ളാത്തുരുത്തിവരെയുള്ള പാടശേഖരങ്ങൾക്കുപുറമേ കൈനകരി, പുളിങ്കുന്ന് മേഖലയിലും ഇത് പ്രതിസന്ധിയാകും.
സംഭരണത്തിനായി വലിയ ലോറികളെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറുവാഹനങ്ങളിൽ നെല്ലുകയറ്റി ലോറി കിടക്കുന്നിടത്ത് എത്തിക്കേണ്ടിവരും. ചില സ്ഥലങ്ങളിൽ വള്ളത്തിെൻറ സഹായവും വേണ്ടിവരും. അധികച്ചെലവുണ്ടായാൽ സർക്കാർ സഹകരിക്കണമെന്നാണു കർഷകരുടെ ആവശ്യം. കൊയ്ത്തു വ്യാപകമാകുന്നഘട്ടത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നെല്ലുവില വർധിക്കുമെന്ന പ്രതീക്ഷയാണ് ആശ്വാസം. മുൻധനമന്ത്രി തോമസ് ഐസക്കിെൻറ അവസാന ബജറ്റിലാണ് നെല്ലുവില കിലോക്ക് 28 രൂപയായി ഉയർത്തിയത്. പഴയവിലയായ 27.48 രൂപയിൽ 18.68 രൂപ കേന്ദ്രത്തിെൻറയും 8.80 രൂപ സംസ്ഥാനത്തിെൻറയും വിഹിതമായിരുന്നു. ഇത് 52 പൈസ കൂടി സംസ്ഥാനം വർധിപ്പിച്ചാണ് 28 രൂപയാക്കിയത്. എന്നാൽ, കഴിഞ്ഞ പുഞ്ചകൃഷിക്ക് 27.48 രൂപയാണ് കിട്ടിയത്. പിന്നീട്, ജൂണിൽ കേന്ദ്രസർക്കാർ നെല്ലിന് 72 പൈസ കൂടി കൂട്ടി. ഇതനുസരിച്ച് ഇക്കുറി കിലോക്ക് 28.72 രൂപ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.