ആലപ്പുഴ: പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ പാടശേഖരങ്ങളിലേക്ക് ആവശ്യത്തിന് കൊയ്ത്തുയന്ത്രം കിട്ടുമോയെന്ന ആശങ്കയിൽ കർഷകർ. തമിഴ്നാട്ടിൽനിന്നടക്കം എത്തിച്ച യന്ത്രവുമായി കൈനകരി കൃഷിഭവൻ പരിധിയിൽ ആദ്യം വിളവിറക്കിയ ചിത്തിര കായൽ അടക്കമുള്ള പാടശേഖരങ്ങളിലാണ് വിളവെടുപ്പ് തുടങ്ങിയത്. ഇതിന് പിന്നാലെ റാണി കായലിലും പഴയ പതിനാലായിരം അടക്കമുള്ള കായൽ പാടശേഖരങ്ങളിലും വിളവെടുപ്പ് തുടങ്ങും.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ എഴുനൂറിലധികം പാടശേഖരങ്ങളിൽ 26,000 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കിയത്. കാലാവസ്ഥ പ്രതികൂലമായതോടെ വിവിധ സമയങ്ങളിൽ വിതയിറക്കേണ്ടി വന്നതിനാൽ മേയ് അവസാനത്തോടെ മാത്രമെ മിക്കയിടത്തും വിളവെടുപ്പ് പൂർത്തിയാകൂ. നെല്ല് സംഭരിക്കാൻ 56 മില്ലുടമകൾക്കാണ് കരാർ നൽകിയിട്ടുള്ളത്.
കുട്ടനാട്, അപ്പർകുട്ടനാട് പാടശഖരങ്ങളിൽ വിളവെടുപ്പിന് 600 കൊയ്ത്തുയന്ത്രങ്ങളാണ് വേണ്ടത്. ആദ്യഘട്ടത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം ഏജന്‍റുമാർ വഴി 300 എണ്ണം എത്തിക്കാൻ ധാരണയായിട്ടുണ്ട്. പഴയ യന്ത്രങ്ങൾ ഒഴിവാക്കി പുതിയത് ലഭ്യമാക്കണമെന്ന് ഏജന്‍റുമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
മണിക്കൂർ കണക്കാക്കിയാണ് കൊയ്ത്തുയന്ത്രത്തിന്‍റെ വാടക. ഇക്കുറി 100രൂപയുടെ വർധനയുണ്ട്. സാധാരണ പ്രദേശത്ത് മണിക്കൂറിന് 1900 രൂപയും വള്ളത്തിൽ കയറ്റിക്കൊണ്ടുപോകുന്ന സ്ഥലത്ത് 2000 രൂപയുമാണ് വാടക. കഴിഞ്ഞവർഷം ഇതിന്‍റെ നിരക്ക് മണിക്കൂറിന് 1800, 1900 രൂപ എന്നിങ്ങനെയായിരുന്നു.
പുഞ്ചക്കൊയ്ത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ജില്ലതലത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകി. രണ്ടാംകൃഷിയുടെ വിളവെടുപ്പുകാലത്തും വേണ്ടത്ര കൊയ്ത്തുയന്ത്രങ്ങൾ കിട്ടാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം അപ്രതീക്ഷിതമായി പെയ്ത മഴയും കനത്തനാശമുണ്ടാക്കി. ഇതോടെയാണ് പുഞ്ചകൃഷി വൈകിയത്.
അതിനിടെ, പുഞ്ചകൃഷി കൊയ്ത്തുമായി ബന്ധപ്പെട്ട് ജില്ലതലത്തിൽ ചേർന്ന യോഗത്തിൽ കർഷകസംഘടനകളെയും പാടശേഖര പ്രതിനിധികളെയും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഏതാനും കൊയ്ത്തുയന്ത്ര ഏജൻസികളും സർക്കാറിനെ അനുകൂലിക്കുന്ന സംഘടനകളുടെ നേതാക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.