കുട്ടനാട്: തോരാമഴയിൽ കുട്ടനാട് മടവീഴ്ചയുണ്ടായി കോടികളുടെ നഷ്ടം. ഏഴ് പാടശേഖരങ്ങളിൽ പൂർണമായും എട്ട് പാടശേഖരങ്ങൾ ഭാഗികമായും മടവീണു. 852.4 ഹെക്ടറിലേറെ നെൽകൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. ആകെ നഷ്ടം 430.615 ലക്ഷം എന്നാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. കരുവാറ്റ കൃഷിഭവെൻറ കീഴിൽ 22 ഹെക്ടർ വരുന്ന വെള്ളൂർക്കേരി പാടശേഖരം, എടത്വ കൃഷിഭവെൻറ കീഴിലെ 50 ഹെക്ടർ വരുന്ന വെട്ടിതോട്ടായിക്കരി പാടശേഖരം, 56 ഹെക്ടർ ഇരവുകരി പാടശേഖരം, ചമ്പക്കുളം കൃഷിഭവെൻറ കീഴിലെ 123 ഹെക്ടർ പെരുമാനിക്കരി, വടക്കേതൊള്ളായിരം പാടശേഖരം, വെളിയനാട് കൃഷിഭവൻ പരിധിയിലെ 467 ഹെക്ടർ വരുന്ന തൈപ്പറമ്പ് വടക്ക്, തൈപ്പറമ്പ് തെക്ക്, പുഞ്ചപീടാരം കിഴക്ക് എന്നിവയാണ് പൂർണമയി മടവീഴ്ചയുണ്ടായത്.
കൊയ്ത്തിനിടെയാണ് അപ്രതീക്ഷിത മഴ. പലയിടത്തും ഇനി കൊയ്ത്ത് നടക്കില്ല. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി ഇറക്കിയവരാണ് മഴക്കെടുതിയിൽ വെട്ടിലായത്. വീണുപോയ നെൽച്ചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ സാധിക്കാത്തതിനാൽ മിക്ക പാടശേഖരങ്ങളിലെയും നെല്ല് മുളച്ചും നശിച്ചു. മഴയത്ത് കൊയ്തെടുത്ത നെല്ല് ഉണക്കാനും സൂക്ഷിക്കാനും കഴിയുന്നില്ല. നെല്ലിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ സംഭരണവും പ്രതിസന്ധിയിലാണ്. മഴ തുടർന്നാൽ കർഷകർ തീർത്തും ദുരിതത്തിലാകും. മടവീഴ്ച, കൃഷിനാശം എന്നിവ സംബന്ധിച്ച വിശദ റിപ്പോർട്ട് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ മുഖേന സർക്കാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.