ചാരുംമൂട്: ഓണാട്ടുകരയുടെ നെല്ലറയായി അറിയപ്പെടുന്ന പെരുവേലിച്ചാൽ പുഞ്ചയിൽ വെള്ളം കയറിയതോടെ കൃഷിയിറക്കാൻ കഴിയാതെ കർഷകർ. നൂറനാട്, ചുനക്കര,തഴക്കര പഞ്ചായത്തുകളിൽ രണ്ട് ബ്ലോക്കുകളിലായി അയ്യായിരത്തോളം ഏക്കറിലാണ് പെരുവേലിൽചാൽ പുഞ്ച. നവംബർ അവസാനത്തോടെ കൃഷിയിറക്കേണ്ടതാണ്. പ്രാരംഭ നടപടികൾ പാടശേഖര സമിതികൾ തുടങ്ങിയതോടെയാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളവും പെരുവേലിൽചാൽ പുഞ്ചയിലെ മോേട്ടാർത്തറ ഉൾപ്പെടെ സ്ഥലങ്ങളാണ് പൂർണമായും മുങ്ങിയത്.
അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയരുമ്പോൾത്തന്നെ പെരുവേലിൽചാൽ പുഞ്ചയിലും കരിങ്ങാലിൽചാൽ പുഞ്ചയിലും ജലനിരപ്പുയരും. വെട്ടിയാർ ചീപ്പിലൂടെ കടന്നുവരുന്ന വെള്ളവും മഴവെള്ളവും ചേർന്നാണ് പുഞ്ചയിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നത്. പുഞ്ചയുടെ മോേട്ടാർത്തറകളെല്ലാം വെള്ളത്തിലായതിനാൽ വെള്ളം വറ്റിക്കാൻ മറ്റു സംവിധാനങ്ങളുമില്ലാത്തതാണ് പ്രശ്നം. ഡിസംബർ പകുതിയോടെയെങ്കിലും വെള്ളം വറ്റിയാൽ മാത്രമേ കൃഷിയിറക്കാൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്.
തുലാവർഷം ശക്തി പ്രാപിച്ചാൽ ജനുവരിയിലും കൃഷിയിറക്കാൻ കഴിയാതാകും. കാലാവസ്ഥമാറ്റം കാരണം വർഷങ്ങളായി കർഷകർക്ക് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാറില്ല. നല്ല വിളവു ലഭിച്ചാലും കൊയ്യാറാകുമ്പോൾ കൊയ്ത്തുയന്ത്രം പുഞ്ചയിലിറക്കാൻ കഴിയാത്ത നിലയിൽ കൃഷി പൂർണമായും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയുണ്ട്. കനാൽ തുറന്നുവിടുന്ന അവസരത്തിൽ കനാൽ കവിഞ്ഞും പുഞ്ചയിലേക്ക് വെള്ളം ഇറങ്ങാറുണ്ട്. ശാശ്വത പ്രതിവിധി ഇനിയും കണ്ടെത്തിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പെരുവേലിച്ചാൽ പുഞ്ചയുടെ സംരക്ഷണത്തിന് തുക അനുവദിച്ചിരുന്നു. പദ്ധതി പ്രകാരം പുഞ്ചയിൽ ജലസേചനത്തിനായി മോട്ടോർത്തറ നിർമിക്കാനായിരുന്നു ആദ്യ പരിഗണന. ഇതിന് കോടികൾ ചെലവഴിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.