തിരുവല്ല: നെല്ലറയായ അപ്പർ കുട്ടനാട്ടിൽ ഇക്കുറി നെൽകൃഷി പ്രതിസന്ധിയിൽ. കനത്ത് പെയ്യുന്ന തുലാമഴയിൽ പാടശേഖരങ്ങൾ വെള്ളത്തിലായതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. നവംബർ ആദ്യവാരത്തിൽ വിത്ത് വിതക്കുന്നതാണ് അപ്പർ കുട്ടനാട്ടിലെ കൃഷിരീതി. ഇതിന് ഒരുമാസം മുമ്പ് പാടം ഒരുക്കണം. ഒക്ടോബറിന് ശേഷം സാധാരണയായി ഈ മേഖലയിൽ മഴ ശക്തിപ്രാപിക്കാറില്ല.
എന്നാൽ, ഇക്കുറി നവംബർ രണ്ടാം വാരം പിന്നിടുമ്പോഴും പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം കൃഷി ഒരുക്കംതന്നെ വെള്ളത്തിലായ അവസ്ഥയാണ്. തുലാമഴ ശക്തമായതോടെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്ന് നിൽക്കുകയാണ്. ഇതോടെ പാടശേഖരങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാൻ മാർഗം ഇല്ലാതായി.
ആറ്റിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പാടത്തുനിന്നും വെള്ളം പമ്പ് ചെയ്തുവിടാൻ കർഷകർക്ക് കഴിയുന്നില്ല. മേഖലയിലെ വെള്ളം തോട്ടപ്പള്ളി സ്പിൽവേ വഴിയാണ് ഒഴുക്കിവിടാറുള്ളത്. എന്നാൽ, തോട്ടപ്പള്ളിയിലെ 41 ഷട്ടറുകളിൽ 20 എണ്ണം മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്.
വേലിയേറ്റം വരുമ്പോൾ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ അടക്കുകയും വേലിയിറക്ക സമയത്ത് തുറന്നുവെക്കുകയും ചെയ്താൽ കുറെയെങ്കിലും വെള്ളം ഒഴുകിപ്പോകും എന്നാണ് കർഷകർ പറയുന്നത്. അതേസമയം, കടലിലെ ജലനിരപ്പിനെക്കാളും താഴ്ന്നാണ് ആറ്റിലെ ജലനിരപ്പെന്നാണ് ഹൈഡ്രോളജി വിഭാഗം അധികൃതർ അറിയിച്ചത്.
തോട്ടപ്പള്ളി, തണ്ണീർമുക്കം സ്പിൽവേകളുടെ ഷട്ടറുകൾ തുറന്ന് മേഖലയിലെ ജലം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പർ കുട്ടനാട് നെൽ കർഷക സമിതി നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം കലക്ടർമാർക്ക് നിവേദനം നൽകിയിട്ടുണ്ട്.
പാടശേഖരങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം പുറത്തേക്ക് ഒഴുക്കി പാടം കൃഷിയോഗ്യമാക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു മാസത്തോളം വേണ്ടിവരും. അത്രയും താമസിച്ച് വിത്ത് വിതച്ചാൽ കാലം തെറ്റിയെത്തുന്ന വേനൽമഴ കൃഷി നശിപ്പിക്കുമെന്ന ആശങ്കയും കർഷകരിലുണ്ട്. അതിനാൽ മേഖലയിലെ ഒട്ടനവധി പാടശേഖര സമിതികൾ ഈ വർഷത്തെ കൃഷി ഉപേക്ഷിച്ചു.
വരുന്ന 10 ദിവസത്തിനുള്ളിലെങ്കിലും പാടശേഖരങ്ങളിലെ വെള്ളം നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അപ്പർ കുട്ടനാടൻ മേഖലയിൽ കൃഷി പാടെ മുടങ്ങിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.