വണ്ടൂർ: കൂവ കൃഷിക്ക് പിറകെ മഞ്ഞൾ കൃഷിയിലും വിജയഗാഥ കുറിക്കുകയാണ് ഈ വീട്ടമ്മ. എടവണ്ണ സ്വദേശിനി ജുമൈല ബാനുവാണ് ഇത്തവണ കൂവക്കൊപ്പം 15 എക്കർ പാട്ട കൃഷിയായി മഞ്ഞൾ പരീക്ഷിക്കുന്നത്. കോഴിക്കോട്ടുനിന്ന് മലപ്പുറത്തിെൻറ മണ്ണിലേക്ക് കൃഷി സ്വപ്നം കണ്ട് വാഹനം കയറുമ്പോൾ ജുമൈല ബാനുവിെൻറ മനസ്സുനിറയെ പ്രതീക്ഷകളായിരുന്നു. എട്ടുവർഷം മുമ്പ് തിരുവാലി കാളപൂട്ട് കണ്ടത്തിലെ അഞ്ച് എക്കറിലെ കൂവ കൃഷി ഇന്നും തുടരുന്നുണ്ട്.
കുന്ദമംഗലം, പൂവാട്ട് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് കൂവ കൃഷി ചെയ്തിരുെന്നങ്കിലും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിനാൽ ബന്ധുക്കൾ വഴിയാണ് മലപ്പുറത്ത് എത്തുന്നത്. തികച്ചും ജൈവരീതിയിലായതിനാൽ നല്ല പിന്തുണയും സ്വീകര്യതയുമാണ് ലഭിക്കുന്നത്. കൂവ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ ബംഗളൂരുവിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ നിർദേശ പ്രകാരമാണ് ഈ വർഷം മുതൽ 15 ഏക്കർ പാട്ട ഭൂമിയിൽ വിവിധ ഇനത്തിൽപെട്ട മഞ്ഞൾ പരീക്ഷിച്ചത്. പരീക്ഷണം വെറുതെയായില്ലെന്നതിനുള്ള തെളിവു കൂടിയാവും ഇത്തവണത്തെ വിളവെടുപ്പ്. ഉൽപാദനച്ചെലവ് കുറവും വരുമാനം ഏറെയുമുള്ള കൃഷിയാണ് കൂവെയപ്പോലെ മഞ്ഞളും.
എട്ടുമാസം വിളവെടുപ്പ് ദൈർഘ്യമുള്ള കൃഷികളാണ് ഇവ രണ്ടും. വിളവെടുത്ത വെള്ള കൂവ അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നത്. കൃഷിക്ക് വേണ്ട വിത്തിനങ്ങളും കമ്പനിയാണ് നൽകുന്നത്. വിളവെടുത്ത മഞ്ഞൾ ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലേക്ക് കയറ്റിയയക്കും.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം കോവിഡ് കാലത്തടക്കം ചെയ്യാൻ പറ്റിയ കൃഷിയാണ് മഞ്ഞളെന്ന് മകൾ ഷിഫ പറയുന്നു. മേഖലയിലെ കാട്ടുമുണ്ട, എറിയാട്, കോഴിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ കൃഷി അടുത്ത വർഷത്തോടെ വിപുലമായ തോതിൽ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജുമൈല ബാനു. മകൾക്കൊപ്പം ഭർത്താവും പ്രവാസിയുമായ കുറ്റിക്കാട്ടൂർ കീഴ്മഠത്തിൽ മുസ്തഫ പൂർണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.