മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയ കേരള പഞ്ചായത്തീരാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ഭേദഗതി ചട്ടങ്ങൾ- 2024 നിലവിൽ വന്നത് ഈയിടെയാണ്. അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലായിരുന്നു മുമ്പുണ്ടായിരുന്ന ഫാം ലൈസൻസ് ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ, അത്തരം നിർവചനങ്ങൾ റദ്ദാക്കി കർഷകസൗഹൃദമായ രീതിയിലാണ് പുതിയ ചട്ടങ്ങൾ പുറത്തുവന്നിക്കുന്നത്. മുനിസിപ്പാലിറ്റികൾക്കും നഗരസഭകൾക്കും കോർപറേഷനുകൾക്കും പ്രത്യേക ഫാം ലൈസൻസ് ചട്ടങ്ങൾ ഇല്ലാത്തതിനാൽ ഈ ചട്ടത്തിലെ വ്യവസ്ഥകൾ തന്നെയാണ് ബാധകമാവുക.
10 വരെ മുതിർന്ന കന്നുകാലികളെയോ 50 എണ്ണം വരെ ആടുകളെയോ മുയലുകളെയോ ടർക്കികളെയോ 500 കോഴികളെയോ 1000 കാടകളെയോ വളർത്തുന്ന ഒരു ഫാം നടത്താൻ പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. 15 വരെ എമുകളെ വളർത്താനും രണ്ട് വരെ ഒട്ടകപ്പക്ഷികളെ പരിപാലിക്കുന്ന ഒരു ഫാം നടത്താനും ലൈസൻസ് വേണ്ട. എന്നാൽ, അഞ്ചിലധികം പന്നികളുണ്ടെങ്കിൽ ലൈസൻസ് ആവശ്യമാണ്. 20ൽ കൂടാതെ പശുക്കളെയും 50ൽ കൂടാതെ ആടുകളെയും 1000ത്തിൽ കൂടാതെ കോഴികളെയും വളർത്തുന്ന ലൈവ്സ്റ്റോക്ക് ഫാം കെട്ടിടങ്ങൾക്ക് ബിൽഡിങ് പെർമിറ്റ് ആവശ്യമില്ലെന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിലെ പ്രധാന ഭേദഗതിയും ഈയിടെ നിലവിൽ വന്നിരുന്നു.
മുമ്പുണ്ടായിരുന്ന പഞ്ചായത്ത് ഫാം ലൈസൻസ് ചട്ടങ്ങളിൽ മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെയാണ് എണ്ണം കണക്കാക്കിയിരുന്നതെങ്കിൽ പുതുക്കിയ ചട്ടങ്ങളിൽ മുതിർന്ന മൃഗങ്ങളെ കൃത്യമായി നിർവചിക്കുന്നുണ്ട്. 18 മാസത്തിന് മുകളിൽ പ്രായമുള്ള പശു, എരുമകളെയും, ഒരു വയസ്സിന് മുകളിൽ പ്രായമുള്ള ആടുകളെയും ആറുമാസത്തിന് മുകളിൽ പ്രായമുള്ള പന്നികളെയും മുയലുകളെയുമാണ് മുതിർന്ന മൃഗമായി പരിഗണിക്കുക. മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ ആറു മാസത്തിന് മുകളിൽ പ്രായമുള്ള പക്ഷികളെയും, ഇറച്ചിക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 22 ദിവസത്തിന് മുകളിൽ പ്രായമുള്ള പക്ഷികളെയും അഞ്ച് ആഴ്ചക്ക് മുകളിൽ പ്രായമുള്ള കാടകളെയും ആറു മാസത്തിന് മുകളിൽ പ്രായമുള്ള ടർക്കികളെയുമാണ് മുതിർന്ന പക്ഷികളായി പരിഗണിക്കുക. ഒന്നര വയസ്സിന് മുകളിൽ പ്രായമുള്ള എമുവും രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള ഒട്ടകപ്പക്ഷിയും മുതിർന്ന പക്ഷികളാണ്. നേരത്തെ പറഞ്ഞ നിശ്ചിത എണ്ണത്തിലുമധികം മുതിർന്ന മൃഗങ്ങളും പക്ഷികളുമുണ്ടെങ്കിൽ മാത്രം ഫാം ലൈസൻസ് മതി.
ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാന സംവിധാനങ്ങൾ നിഷ്കർഷിക്കുന്നതും, ലൈസൻസ് ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ക്ലാസുകളാക്കി തിരിച്ചാണ്. മൂന്ന് പശുക്കളെ വരെ വളത്താനും പത്ത് ആടുകളെ വളർത്താനും രണ്ട് പന്നികളെ വളർത്താനും 20 മുയലുകളെ വളർത്താനും 250 കോഴികളെ വളർത്താനും 1000 കാടകളെ വളർത്താനും കുറഞ്ഞത് ഒരു സെൻറ് സ്ഥലം ആവശ്യമാണ്. ഫാമിനോട് ചേർന്ന് മാലിന്യ സംസ്കരണത്തിനായി മേൽക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാൻ ദ്രവമാലിന്യശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം.
മാലിന്യസംസ്കരണത്തിനായി ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ്/ ജൈവ വാതക പ്ലാൻറ് അല്ലെങ്കിൽ തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിങ്, ട്രൈക്കോഡർമ കമ്പോസ്റ്റിങ് , ഇ.എം സൊല്യൂഷൻ കമ്പോസ്റ്റിങ്, ചാണകം ഉണക്കി വിൽക്കുന്ന രീതി ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും. പക്ഷി ഫാമുകളിൽ ചത്ത പക്ഷികളെ സംസ്കരിക്കാനുള്ള കുഴികൾ നിർബന്ധമായും വേണം. അഞ്ചു മുതൽ 10 വരെ പശുക്കളുള്ള ഫാമുകൾ നടത്താൻ ലൈസൻസ് ആവശ്യമില്ലെങ്കിലും മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യ ശേഖരണ ടാങ്ക് എന്നിവ നിർബന്ധമായും ഒരുക്കണം. 100 മുതൽ 500 വരെ കോഴികളുള്ള ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ലെങ്കിലും ഫാമിൽ മേൽക്കൂരയുള്ള വളക്കുഴിയും കമ്പോസ്റ്റ് കുഴിയും വേണം.
പന്നികളുടെ എണ്ണം അഞ്ചിൽ കുറവാണെങ്കിലും മേൽക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിർബന്ധമാണ്. പരാതികൾ ഒഴിവാക്കാൻ പന്നി ഫാമുകളുടെ ലൈസൻസ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളും അറവുമാലിന്യം തീറ്റയായി നൽകുമ്പോൾ പാലിക്കേണ്ട ബാധ്യതകളും പുതുക്കിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്നി ഫാമുകളിൽ തീറ്റ ആവശ്യത്തിന് ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിലോ അടച്ച പാത്രങ്ങളിലോ ഫാമിൽ എത്തിക്കാം. അവ എവിടെ നിന്ന് എത്തിക്കുന്നുവെന്ന് ലൈസൻസിന് അപേക്ഷിക്കുമ്പോൾ വ്യക്തമാക്കണം.
ലൈസൻസിനായുള്ള അപേക്ഷ ഫോം 1-ൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ആകെ ലഭ്യമായ സ്ഥല വിസ്തീർണം, ഫാം കെട്ടിടത്തിന്റെ തറ വിസ്തീർണം, വളർത്താൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, മാലിന്യനിർമാർജന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ അപേക്ഷക്കൊപ്പം ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. അപേക്ഷയിൽ രണ്ടാഴ്ചക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും. പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും. നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഫാറം 2-ൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകും. വ്യവസ്ഥകൾ പാലിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കി അപേക്ഷ നിരസിക്കും. മതിയായ ഫീസും നിബന്ധനകളും പാലിച്ച് ലൈസൻസിന്റെ കാലാവധി ഒരേസമയം പരമാവധി അഞ്ചു വർഷം വരെ നേടാമെന്നതും പുതുക്കിയ ചട്ടങ്ങളുടെ പ്രത്യേകതയാണ്.
ലൈസൻസ് നിബന്ധനകൾ പാലിക്കാതെ ഫാം നടത്തിയാൽ നോട്ടീസ് നൽകി ലൈസൻസ് റദ്ദാക്കാനും 15 ദിവസത്തിനകം ഫാം അടച്ചുപൂട്ടാൻ ഉത്തരവിടാനും സെക്രട്ടറിക്ക് അധികാരമുണ്ട്. ലൈസൻസ് എടുക്കാതെ ഫാം നടത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടീസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെ ഫാം നടത്തുന്നവർക്ക് 10,000 രൂപയിൽ കവിയാത്ത പിഴയീടാക്കാനും കുറ്റം ആവർത്തിക്കുന്ന ഓരോ ദിവസത്തിനും 200 രൂപയിൽ കവിയാത്ത പിഴയീടാക്കാനും വ്യവസ്ഥയുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.