മൂന്നാർ: മറ്റ് സംസ്ഥാനങ്ങളിലെ ഉഷ്ണപാടങ്ങളിൽ പൂത്തുലയുന്ന സൂര്യകാന്തിപ്പൂക്കളെ തെക്കിന്റെ കശ്മീരിലും വിരിയിക്കാനുള്ള പരീക്ഷണം വിജയം കണ്ടു. സംസ്ഥാന ഹോർട്ടികോർപ്പാണ് മൂന്നാറിൽ സൂര്യകാന്തി കൃഷിയിലൂടെ നൂറുമേനി വിജയം നേടിയത്. മൂന്നാർ സൈലന്റ്വാലിയിലാണ് ഹോർട്ടികോർപ് സൂര്യകാന്തി കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ശ്രമം വിജയം കണ്ടതോടെ കൃഷി വ്യാപകമാക്കാനാണ് തീരുമാനം. ഹോര്‍ട്ടികോര്‍പ്പിന്റെ കീഴിലെ സ്ട്രോബറി പാര്‍ക്കിന്റെ വിജയത്തിനു പിന്നാലെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷിയും നടത്തിയത്.
മൂന്നാറിൽ വ്യവസായികമായി സൂര്യകാന്തി കൃഷിക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇവിടുത്തെ കാലാവസ്ഥ ആയിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, അതിനെ അതിജീവിക്കാൻ കഴിഞ്ഞത് പ്രതീക്ഷ നൽകുന്നു.കഴിഞ്ഞ ഒക്ടോബറില്‍ സ്ട്രോബറി പാര്‍ക്ക് സ്ഥാപിക്കുന്നതിലേക്ക് തൈകള്‍ നട്ടുതുടങ്ങിയപ്പോഴാണ് സൂര്യകാന്തിച്ചെടികളും പരീക്ഷണാടിസ്ഥാനത്തില്‍ നട്ടത്. ആറു മാസത്തിനകം സൂര്യകാന്തി പൂവിട്ട് നല്ല രീതിയില്‍ വളരുകയും ചെയ്തു. ഇത് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ പ്രചോദനമായി.
വ്യവസായികപ്രാധാന്യമുള്ള സൂര്യകാന്തിക്ക് മൂന്നാറിലെ അന്തരീക്ഷത്തില്‍ വളരാന്‍ സാധിക്കുമെന്ന് തെളിഞ്ഞതോടെ കാര്‍ഷികരംഗത്ത് പുതിയ സാധ്യത തേടുകയാണ് പാര്‍ക്കിലെ അധികാരികള്‍.
സ്ട്രോബറി കൃഷി കാണാനും പഴങ്ങളുടെ രുചി ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികള്‍ക്കും സൂര്യകാന്തി മനോഹര കാഴ്ചയാണ് ഒരുക്കുന്നത്. ആദ്യമായി നടുന്നതിനാല്‍ പുറത്തുനിന്നാണ് സൂര്യകാന്തിയുടെ വിത്തുകള്‍ എത്തിച്ചിരുന്നത്.
നിലവില്‍ പൂവിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ വിത്ത് പാര്‍ക്കില്‍തന്നെ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് ഹോര്‍ട്ടികോര്‍പ് ജില്ല മാനേജര്‍ പമീല വിമല്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.