കോട്ടയം: വേനൽ കനത്തിട്ടും കുറയാതെ ജില്ലയിലെ പാൽ ഉൽപാദനം. മുൻവർഷങ്ങളിൽ വേനൽക്കാലങ്ങളിൽ പാൽ ഉൽപാദനം കുറയുകയായിരുന്നു പതിവെങ്കിലും ഇത്തവണ അളവിൽ കാര്യമായ മാറ്റം വന്നിട്ടില്ല.
കന്നുകാലി കർഷകരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഉൽപാദനം കുറയാതിരിക്കാൻ കാരണമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ വിലയിരുത്തൽ. 79,000 ലിറ്റർ പാലാണ് ജില്ലയിൽനിന്ന് മിൽമ സംഭരിച്ചുവരുന്നത്. വെയിലിന്റെ കാഠിന്യം കൂടിയിട്ടും ഇതിൽ കുറവ് വന്നിട്ടില്ല. ശനിയാഴ്ചയും ഇതേ അളവിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് മിൽമ പാൽ സംഭരിച്ചത്. ഇതിൽ 75,000 ലിറ്ററാണ് മിൽമക്ക് വിൽപന. ബാക്കി അധികമായി വരുന്ന സ്ഥിതിയാണ്. ഇത് മറ്റ് മേഖലകളിലേക്ക് നൽകുകയാണ് മിൽമ ചെയ്യുന്നത്.
തീറ്റപ്പുല്ലിന് ലഭ്യത കുറയുന്നതും ജലക്ഷാമവും മൂലമാണ് വേനൽക്കാലങ്ങളിൽ പാൽ ഉൽപാദനത്തിൽ ഇടിവ് ഉണ്ടാകുന്നത്.
ഇത്തവണയും തീറ്റപ്പുല്ല് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും കൂടുതൽപേർ ക്ഷീരമേഖലയിലേക്ക് എത്തിയിട്ടുള്ളതിനാൽ സംഭരണത്തെ ബാധിച്ചിട്ടില്ല.
കോവിഡിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ജോലി നഷ്ടപ്പെട്ടവർ പുതുതായി പശുക്കളെ വളർത്താൻ ആരംഭിച്ചു. ഫാമുകളുടെ എണ്ണത്തിലും വർധനയുണ്ടായി. നേരത്തേ റബറിന് വില ഇടിഞ്ഞതോടെ കുടുതൽ കുടുംബങ്ങൾ കന്നുകാലി വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. പിന്നാലെ കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ക്ഷീരമേഖലയിൽ വലിയ ഉണർവാണ് അനുഭവപ്പെട്ടത്.
പുതുതായി നിരവധിപേർ സൊസൈറ്റികളിലേക്ക് പാൽ എത്തിക്കുന്നതായും മിൽമ അധികൃതർ പറയുന്നു. നിലവിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ പാൽ ഉൽപാദവും വർധിച്ചിട്ടുമുണ്ട്. 2021 ജനുവരിയിൽ 69,000 ലിറ്റർ പാലായിരുന്നു ജില്ലയിൽനിന്ന് മിൽമ സംഭരിച്ചതാണ്. ഇതാണ് ഒരുവർഷം പിന്നിട്ടതോടെ 79,000ത്തിലെത്തിയത്.
അതേസമയം, ചൂട് വർധിച്ചതോടെ തീറ്റ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. പലരും ദൂരസ്ഥലങ്ങളിൽനിന്നാണ് പുല്ല് ശേഖരിക്കുന്നത്. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലകൊടുത്ത് വാങ്ങാനും കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ഒരു തിരി കച്ചിക്ക് 30 രൂപയാണ് വില. 20 മുതൽ 25 രൂപ വരെ ഉണ്ടായിരുന്ന നാടൻ കച്ചി ഇപ്പോൾ കിട്ടാനില്ല. അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന കച്ചിയാണ് ഇപ്പോൾ കിട്ടുന്നത്. ഇന്ധനവിലകൂടി വർധിച്ചതിനുപുറമേ ആവശ്യക്കാരും കൂടിയതോടെ വില 30 രൂപയായി ഉയർന്നു. തോട്ടങ്ങളിൽനിന്ന് ഒഴിവാക്കുന്ന കൈതച്ചെടികൾ വേനൽക്കാലത്ത് പശുക്കൾക്ക് തീറ്റയായി നൽകാറുണ്ട്. മുമ്പ് ഇത് ഒഴിവാക്കാനായി കർഷകർക്ക് സൗജന്യമായി നൽകുമായിരുന്നു.
കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. കാലിത്തീറ്റക്ക് 1250ൽ നിന്ന് 1300 രൂപയായി വില ഉയർന്നു. പരുത്തി പിണ്ണാക്കിന് വില 35ൽനിന്ന് 40 രൂപയായി ഉയർന്നു. 50 കിലോയുടെ ഒരു ചാക്ക് തീറ്റക്ക് 2000 രൂപ വേണമെന്നതാണ് സ്ഥിതിയെന്ന് ക്ഷീരകർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.