കോട്ടയം: വിലത്തകർച്ചയും പണം ലഭിക്കാത്തതും ജപ്തി ഭീഷണിയും കന്നുകാലികളിലെ രോഗങ്ങളുമെല്ലാമായി കർഷകർക്കിത് ദുരിതപർവം. എങ്ങും കർഷക രോദനവും പ്രതിഷേധവുമാണ്. ഇവക്ക് പരിഹാരം കാണാനുള്ള നടപടി അധികൃതരിൽനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് സത്യം. ജില്ലയിലെ നെല്ല്, റബർ, നാളികേര, പൈനാപ്പിൾ കർഷകർക്ക് പറയാനുള്ളത് നഷ്ടത്തിന്റെയും ദുരിതത്തിന്റെയും കഥകൾ മാത്രം. ക്ഷീരകർഷകരുടെ കാര്യവും മറുത്തല്ല. റബർ താങ്ങുവില നടപ്പാക്കാതെയും സംഭരിച്ച നെല്ലിന്റെ പണം നൽകാതെയും മറ്റും സർക്കാറുകൾ ഒളിച്ചുകളിക്കുമ്പോൾ എങ്ങനെ നിത്യജീവിതം തള്ളിനീക്കണമെന്നറിയാതെ ദുരിതക്കായലിൽ മുങ്ങുകയാണ് കർഷകർ.
കാലാവസ്ഥ വ്യതിയാനവും കാലം തെറ്റിയുള്ള മഴയുമെല്ലാം കർഷകരുടെ വയറ്റത്തടിച്ചെന്നത് മറ്റൊരു സത്യം. വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന പച്ചക്കറി, പഴവർഗ കർഷകരും നിരവധി. ഇവരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനു ഉൾപ്പെടെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്.
രോഗഭീഷണിയാലും കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വിലവർധനയിലും വലയുകയാണ് ക്ഷീരകർഷകർ. കാലിത്തീറ്റ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ വിലവർധനയും രോഗങ്ങളും പെട്ടെന്ന് കന്നുകാലികൾ ചാകുന്നതെല്ലാം ക്ഷീരകർഷകർക്ക് ഇരുട്ടടിയാകുകയാണ്. ജില്ലയിൽ കുളമ്പുരോഗ ഭീഷണിയുണ്ടെന്ന നിലക്കാണ് കാര്യങ്ങൾ. ഇതും കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോഴിക്കർഷകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഉൽപാദനച്ചെലവിലുള്ള വർധനയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കാലംതെറ്റിയുള്ള മഴയും പ്രകൃതിക്ഷോഭങ്ങളും മൽസ്യകൃഷിയെയും സാരമായി ബാധിക്കുകയാണ്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകേണ്ട കുടിശ്ശിക 42.42 കോടിയാണ്. ഇതോടെ കർഷകരിൽ ഭൂരിഭാഗവും സാമ്പത്തിക പ്രതിസന്ധിയിലാണ്. ജപ്തിഭീഷണി നേരിടുന്നവരും നിരവധി. കടം തിരിച്ചടക്കാതെ വായ്പ അനുവദിക്കില്ലെന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. കാലംതെറ്റിപ്പെയ്ത മഴ ജില്ലയിലെ കർഷകരെ സാരമായി ബാധിച്ചിരുന്നു.
നെല്ല് പാടത്തിൽ തന്നെ സൂക്ഷിക്കേണ്ടി വന്നത് മൂലം നഷ്ടം സംഭവിച്ച കർഷകർ നിരവധിയാണ്. പാടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാൻ കഴിയാതെവന്നതാണ് ഈ അവസ്ഥക്ക് കാരണമായത്. ഈമാസം അഞ്ചിന് ഇതുവരെയുള്ള നെല്ല് സംഭരണം, പണം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന ഭക്ഷ്യമന്ത്രിയുടെ വിശദീകരണത്തിൽ പ്രതീക്ഷയിലാണ് കർഷകർ.
വിലത്തകർച്ചയിൽ നട്ടം തിരിയുകയാണ് പൈനാപ്പിൾ കർഷകർ. ഉത്തരേന്ത്യൻ മാർക്കറ്റുകളെ ലക്ഷ്യമിട്ട് കൃഷിയിറക്കിയവർ വില ലഭിക്കാത്തതിനാൽ ദുരിതത്തിലാണ്. വിലയിടിവ് സാരമായി ബാധിച്ചെന്ന് കർഷകർ പറയുന്നു. കിലോക്ക് 45 മുതൽ 50വരെയുണ്ടായിരുന്നത് ഇടിഞ്ഞ് 15 രൂപവരെ താഴ്ന്നതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഇപ്പോൾ 20 മുതൽ 24 രൂപ വരെയായിട്ടുണ്ടെങ്കിലും ചെലവിന് ആനുപാതിക വരുമാനമില്ലെന്നാണ് കർഷകരുടെ പരാതി. റബർ വെട്ടിമാറ്റി അവിടങ്ങളിൽ പൈനാപ്പിൾ കൃഷി ആരംഭിച്ചിരുന്നു. ശൈത്യകാലമായതിനാൽ ഉത്തരേന്ത്യയിൽ വിലയിടിഞ്ഞതും കയറ്റുമതി കറഞ്ഞതും പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. അതുപോലെ പച്ചക്കറി കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരുമ്പോൾ കൃഷിപോലും ഉപേക്ഷിക്കാൻ തയാറായ റബർ കർഷകരുടെ കണ്ണീര് കാണാൻ മാത്രം ആളില്ല. കർഷക ദുരിതം വിവരിക്കുകയെന്ന ‘സാഹസം’ കാണിച്ച എം.പിയെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി ദർശിച്ച ജില്ലക്കാർക്ക് ഇനി തങ്ങളുടെ ദുഃഖം ആരോട് പറയണമെന്ന കാര്യത്തിലും ഒരു പിടിയുമില്ല. എല്ലാത്തിനും വിലവർധിക്കുമ്പോൾ റബറിന് മാത്രം വിലയില്ല. താങ്ങുവി
ല 250 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച എൽ.ഡി.എഫാകട്ടെ എല്ലാം മറന്നു. വിലയില്ലാത്തതിനാൽ ചെറുകിട തോട്ടങ്ങളിലെ വെട്ടുനിര്ത്തുന്നതിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ലാറ്റക്സിന്റെ വില ഇടിഞ്ഞതോടെ ഷീറ്റ് ഉൽപാദനത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയ വന്‍കിട തോട്ടങ്ങളും അതുപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. ഉൽപാദനച്ചെലവിന് ആനുപാതിക വില കിട്ടാത്ത ദുരിതത്തിലാണ് കർഷകർ. ലാറ്റക്സ് 185 രൂപയുണ്ടായിരുന്ന സമയത്ത് പാട്ടം എടുത്തവര്‍ക്ക് 90 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ പ്രോസസിങ് കിറ്റുകളും തകര്‍ച്ചയുടെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.