എലവഞ്ചേരി: രണ്ടാംവിള നെൽകൃഷി നടീലിന് അന്തർസംസ്ഥാന തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകരിലേക്ക്. ഞാറുനടുന്ന ചിത്രമുള്ള മലയാളത്തിൽ തയാറാക്കിയ വിസിറ്റിങ് കാർഡുമായി കർഷകരെ നേരിട്ട് സമീപിച്ചാണ് ജോലി തിരയുന്നത്. മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകരെയാണ് മലയാളത്തിൽ സംസാരിക്കുന്ന തൊഴിലാളികൾ സമീപിക്കുന്നത്.
എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, നെന്മാറ, പ്രദേശങ്ങളിലെ കർഷകരെയാണ് സമീപിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതിനാൽ കർഷകർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കും സാമ്പത്തിക നേട്ടമുണ്ട്. ഒരു വർഷം മുമ്പ് വരെ 4000 രൂപക്ക് ഇടനിലക്കാർ മുഖേന നടീൽ നടത്തിയത് ഇപ്പോൾ 3500 രൂപക്ക് ഒരു ഏക്കർ ഞാറു പറിച്ച് നട്ടുകൊടുക്കാം എന്നാണ് ഇവരുടെ വാഗ്ദാനം. ആലത്തൂർ, തേൻകുറിശ്ശി, ചിറ്റൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ വാടകക്ക് മുറിയെടുത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളാണിവർ.
കർഷകർക്ക് വിസിറ്റിങ് കാർഡ് നൽകുന്നതിന് പുറമെ നടേണ്ട തീയതിയും ദിവസവും വൈകീട്ട് ഫോണിൽ മലയാളത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്. 10 വർഷത്തിലേറെയായി ജില്ലയിലെ നെൽകൃഷി മേഖലയിൽ നടീലിനെത്തുന്നുണ്ടെന്ന് തൊഴിലാളികളുടെ ഗ്രൂപ് ലീഡർ മുഹമ്മദ് പറഞ്ഞു. കൃഷിഭൂമിയുടെ അളവ് പറഞ്ഞാൽ നടീലിന് ആവശ്യമുള്ള നിശ്ചിത എണ്ണം ഞാറ്റു മുടികൾ മാത്രമേ ഇവർ പറിക്കുകയുള്ളൂ. കൂലി തുക പണമായി വാങ്ങാതെ ഓൺലൈൻ പേമെന്റ് ചെയ്യാനുള്ള സംവിധാനവും ഇവർ കർഷകർക്ക് ചെയ്തു കൊടുക്കുന്നുണ്ട്. ഒരു ഏക്കറിന് ഇത്ര എണ്ണം ഞാറ്റുമുടി എന്ന കണക്ക് തൊഴിലാളികൾക്കുണ്ട്.
കർഷകരുടെ നെൽകൃഷിയുടെ അളവ് കൂടുതലാണെങ്കിൽ പറിച്ച ഞാറ് തികയാതാകുമ്പോൾ തൊഴിലാളികൾ എത്ര ഞാറ്റുമുടി അധികം ഉപയോഗിക്കുന്നോ അതനുസരിച്ച് നെൽകൃഷിയുടെ അളവ് കൂടുതലോ കുറവോ എന്ന് പറയും. ആയതിനാൽ കർഷകർക്ക് നെൽപ്പാടത്തിന്റെ അളവ് കുറച്ചു പറഞ്ഞ് തൊഴിലാളികളെ ചൂഷണം ചെയ്യാനും കഴിയില്ല. രാവിലെ ഏഴിന് മുമ്പുതന്നെ നെൽകൃഷിയുടെ വലുപ്പത്തിനനുസരിച്ചുള്ള എണ്ണം തൊഴിലാളികൾ പെട്ടി ഓട്ടോറിക്ഷയിലോ വാനിലോ കൃഷിസ്ഥലത്ത് എത്തും. വിസിറ്റിങ് കാർഡുമായി അന്തർസംസ്ഥാന തൊഴിലാളികൾ എത്തുന്നത് ചെറുകിട കർഷകർക്കും പാട്ട കർഷകർക്കും സഹായകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.