പെരുമ്പിലാവ്: ചാലിശേരി ഗ്രാമത്തിൽ ചക്കയുടെ നിറകാലം വരുന്നു. ഗ്രാമത്തിലെ 500 വീടുകളിലേക്ക് കർഷകൻ ഷിജോയ് തോലത്താണ് സൗജന്യമായി പ്ലാവ് തൈകൾ നൽകുന്നത്. വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷകൾ കൃഷിചെയ്യുന്ന മികച്ച കർഷകനായി ഷിജോയ് തോലത്തിനെ കഴിഞ്ഞദിവസം ചാലിശേരി കൃഷിഭവൻ ആദരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന 500 പ്ലാവ് തൈകൾ സൗജന്യമായി നൽകാമെന്ന് ഷിജോയ് കൃഷി ഭവനെ അറിയിച്ചത്. ചാലിശേരി പടിഞ്ഞാറെ മുക്കിലെ പത്തേക്കറിൽ സ്ഥിതി ചെയ്യുന്ന എസ്. എസ്.ആർ ജാക്ക് ഫ്രൂട്ട് ഫാമിൽ പ്രത്യേകമായി ചക്കകുരുമുളപ്പിച്ചും തൈകൾ ബഡിങ് ചെയ്തുമാണ് ആറ് മുതൽ പത്ത് മാസത്തിനകം ഫലം തരുന്ന പ്ലാവ് തൈകൾ കൃഷിഭവൻ മുഖാന്തിരം നൽകുന്നത്.
തോട്ടത്തിലെ ആയിരക്കണക്കിന് ചക്കകൾ ഈ കാലയളവിനുള്ളിൽ സൗജന്യമായാണ് ആവശ്യക്കാർക്ക് നൽകിയത്. വീടുകളിലേക്ക് നൽകുന്ന 500 പ്ലാവ് തൈകൾ ഫലം തരുന്നതോടെ വീട്ടുകാർക്ക് നല്ല ഭക്ഷണം ലഭിക്കും. വർഷത്തിൽ എല്ലാ ദിവസവും ചക്ക ലഭിക്കുന്ന വലിയൊരു ഗ്രാമമായി ചാലിശേരി മാറും. പാരമ്പര്യ കർഷക കുടുംബമായ തോലത്ത് താരുവിനൊടൊപ്പം വീട്ടുവളപ്പിലെ പറമ്പിലും അടക്ക തോട്ടത്തിലും സജീവമായിരുന്ന മകൻ ഷിജോക്ക് കുട്ടിക്കാലം മുതൽ കാർഷിക അറിവുകൾ ഏറെ ഇഷ്ടമായിരുന്നു. അടുത്ത മാസാദ്യം തൈകളുടെ വിതരണം നടത്തുമെന്ന് പ്രസിഡന്റ് എ.വി. സന്ധ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.