തൊടുപുഴ: വൈവിധ്യമാണ് ജോബിയുടെ കൃഷിയിടത്തെ വേറിട്ട് നിർത്തുന്നത്. പല വർഗത്തിൽപ്പെട്ട വിളകളുടെ വ്യത്യസ്ത ഇനങ്ങൾകൊണ്ട് സമ്പന്നമാണ് വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി സ്വദേശി പുളിയൻമാക്കൽ ജോബിയുടെ കൃഷിത്തോട്ടം. സമ്മിശ്ര കൃഷിയിലൂടെ കുരുമുളകും ഏലവും മാത്രമല്ല പരമ്പരാഗത കിഴങ്ങ് വർഗങ്ങൾ വരെ ഈ യുവ കർഷകന്റെ തോട്ടത്തിൽ സമൃദ്ധമായി വളരുന്നു.
ജോബിയുടെ പിതാവ് പരേതനായ പി.ജി. ജോർജ് കൃഷിയിലെ വേറിട്ട പരീക്ഷണങ്ങളിലൂടെ രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ കർഷകനായിരുന്നു. സിയോൻ മുണ്ടി എന്ന കുരുമുളകിനം വികസിപ്പിച്ചതിന് നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ പുരസ്കാരം 2015ൽ രാഷ്ട്രപതിയിൽനിന്നാണ് ജോർജ് ഏറ്റുവാങ്ങിയത്. പിതാവ് കൃഷിയിൽ കാഴ്ചവെച്ച നേട്ടങ്ങൾ വിജയകരമായി നിലനിർത്തുകയാണ് 39കാരൻ ജോബി. കുരുമുളക് കൃഷിക്ക് പുറമെ ‘സിയോൻ മുണ്ടി’ ഉൽപാദനത്തിന് പ്രത്യേക നഴ്സറിയുമുണ്ട്.
പ്രതിവർഷം പതിനായിരത്തിലധികം തൈകൾ ഇവിടെനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിൽക്കുന്നുണ്ട്. മൂന്നേക്കർ കൃഷിയിടത്തിൽ ഏലം, ജാതി, ഗ്രാമ്പു എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇതിന് പുറമെ 13ഇനം വാഴകളും ഔഷധ സസ്യങ്ങളും റമ്പുട്ടാൻ, മാംഗോസ്റ്റിൻ, ദുരിയാൻ, അവക്കാഡോ, പപ്പായ, ലിച്ചി, ചതുരപ്പുളി തുടങ്ങിയ പഴവർഗങ്ങളും കൃഷി ചെയ്തുവരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആപ്പിൾ, മുന്തിരി കൃഷികളും ആരംഭിച്ചിട്ടുണ്ട്. പൂർണമായും ജൈവ കൃഷിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ചെറിയ തോതിൽ മത്സ്യകൃഷിയും പശുവളർത്തലും ഇതോടൊപ്പമുണ്ട്.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹായത്തോടെ കിഴങ്ങുവർഗങ്ങളുടെ പ്രത്യേക തോട്ടവും ജോബി ഒരുക്കിയിട്ടുണ്ട്. വീടിന് സമീപം പാട്ടത്തിനെടുത്ത അരയേക്കറിലാണ് കപ്പയും ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കാട്ടുകിഴങ്ങുകൾ തുടങ്ങിയവയും കൃഷി ചെയ്യുന്നത്. ഓരോ വിളകളുടെയും വ്യത്യസ്ത ഇനങ്ങൾ ഇവിടെ കാണാം. കപ്പ തന്നെ 26 ഇനമുണ്ട്. ജോബി സ്വന്തമായി വികസിപ്പിച്ച ‘ഏബൽ റോസ്’ എന്ന ഇനവും ഇതിൽ ഉൾപ്പെടുന്നു. പറിച്ചെടുക്കുമ്പോൾ റോസ് നിറവും വേവിച്ചാൽ മഞ്ഞ നിറവുമാണ് ഇതിന്റെ പ്രത്യേകത. ഏക മകൻ ഏബലിന്റെ പേരാണ് കപ്പക്കിട്ടത്.
പഠനം കഴിഞ്ഞപ്പോൾ മുതൽ ജോബി പിതാവിനൊപ്പം കൃഷിയിലേക്ക് ഇറങ്ങിയതാണ്. അധ്വാനിക്കാനുള്ള സമയവും മനസ്സുമുണ്ടെങ്കിൽ കൃഷി നഷ്ടമാകില്ലെന്നാണ് ജോബിയുടെ പക്ഷം. 2018ൽ മികച്ച യുവകർഷകനുള്ള വണ്ണപ്പുറം പഞ്ചായത്തിന്റെ അവാർഡും 2019ൽ ജില്ലയിലെ മികച്ച സമ്മിശ്ര കർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡും ജോബിക്ക് ലഭിച്ചിട്ടുണ്ട്. അമ്മ ലിസിയാമ്മയും ഭാര്യ ജെയ്മോളും കൃഷിയിൽ എല്ലാ പിന്തുണയും സഹായവും ജോബിക്ക് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.