ചങ്ങരംകുളം: നാലുപതിറ്റാണ്ടായി തരിശായി കിടന്ന കടവല്ലൂർ പാടത്ത് കൃഷിയോഗ്യമാക്കുന്നതിനായി ഇറങ്ങിത്തിരിച്ച കർഷകർക്ക് കിട്ടിയത് കണ്ണീർപാടം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയാണ് കൃഷി വെള്ളമില്ലാതെ ഉണങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു. തരിശുനിലം പൊന്നാക്കാൻ മനസ്സുവെച്ച കർഷകർക്ക് കൃഷിചെയ്ത മൂന്നുവർഷവും നഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. യഥാസമയം പാടങ്ങൾ വറ്റിക്കുന്നതിനും ജലം സംഭരിക്കുന്നതിനും പമ്പുസെറ്റ് ഇല്ലാത്തതാണ് കർഷകർക്ക് വിനയായത്. നേരത്തേ വെള്ളം പമ്പ് ചെയ്താൽ വേനൽ രൂക്ഷമാകുന്നതിന് മുമ്പേ കൃഷി നടത്താൻ കഴിയും.
എന്നാൽ, തോട് നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി അധികൃതർക്ക് പരാതി നൽകിയിട്ടും നിരാശയായിരുന്നു ഫലം. തുടർന്ന് പാടത്ത് കർഷകർ ചളിയിൽ നിൽപുസമരം നടത്തിയിട്ടും അധികാരികൾ കനിഞ്ഞില്ല. അവസാനം കർഷകർതന്നെ പണം ചെലവഴിച്ച് തോട് നവീകരണം നടത്തി. എന്നാൽ, ഉയർന്ന സാമ്പത്തിക ചെലവുവരുന്ന പ്രവൃത്തികൾ കർഷകർക്ക് സാധ്യമല്ലാത്തതിനാൽ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. സമീപത്തെ ജല സംവിധാനമുള്ള തോടുകളുമായി ഇവിടുത്തെ തോടുകൾ ബന്ധിപ്പിക്കുന്നതിനും നാല് പതിറ്റാണ്ടുകളായി മണ്ണടിഞ്ഞ് കിടക്കുന്ന തോട് നവീകരണത്തിനും അധികൃതർ കണ്ണുതുറക്കണം.
കൃത്യമായ ജലവിതരണ സംവിധാനമില്ലാത്തതിനാൽ കൃഷിയെ സ്നേഹിച്ച കർഷകരാണ് ഇപ്പോൾ ദുരിതത്തിലായത്. വർഷത്തിൽ കോടിക്കണക്കിന് രൂപ കൃഷിക്കായി കണക്കുകൾ നിരത്തുമ്പോൾ ഇത്തരം പ്രദേശങ്ങൾ പരിഗണിക്കാതെ പോകുകയാണ്. കർഷകരുടെ കണ്ണുനീർ കാണാതെ അധികൃതർ കണ്ണടക്കുമ്പോൾ പല കർഷകരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. യുവതലമുറ കാർഷികമേഖലയെ അവജ്ഞയോടെ കാണുമ്പോൾ ഉള്ള കർഷകരെ പിന്തുണക്കേണ്ട ആവശ്യകത ഏറെയാണ്.
അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം വരുംവർഷങ്ങളിൽ പാടത്തിറങ്ങാൻ കർഷകർ തയാറാകാതെ വരും. പ്രദേശത്തെ തോടുകൾ പെരുന്തോടും നൂറടിത്തോടുമായി ബന്ധിപ്പിച്ച് ജല സംവിധാനമൊരുക്കിയാൽ ഈ പ്രദേശത്തെ കൃഷിക്കും കടുത്ത ജലക്ഷാമത്തിനും പരിഹാരമാകും. മോട്ടോർ പമ്പുസെറ്റുകൾ, പെട്ടിമ്പറ, മോട്ടോർ പുര, തോട് നവീകരണം, തടയണ നിർമാണം, മറ്റു അറ്റകുറ്റപണികൾ എന്നിവ നടത്താൻ അധികൃതർ യഥാസമയം തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.