കോട്ടയം: കുറയാതെ കപ്പ വില. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി കപ്പക്ക് വിപണിയിൽ 40 രൂപവരെയാണ് വില. അടുത്തിടെ ജില്ലയുടെ ചില ഭാഗങ്ങളിൽ ഇത് 50ഉം കടന്നിരുന്നു. കപ്പയുടെ ലഭ്യതക്കുറവാണ് വില ഉയരാൻ കാരണം. ജില്ലയിൽ കപ്പ കിട്ടാക്കനിയായതോടെ കൂത്താട്ടുകുളം അടക്കമുള്ള സ്ഥലങ്ങളിൽനിന്നാണ് കോട്ടയം നഗരത്തിലെ കടകളിലേക്കടക്കം കപ്പ എത്തുന്നത്. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപ വരെയായി താഴ്ന്നിരുന്നു. ഇതിനിടെയാണ് മാസങ്ങളായി പച്ചക്കപ്പ വിലയിലെ ഈ വർധന. ഈ വിലയ്ക്കുപോലും പല സ്ഥലത്തും കപ്പ കിട്ടാത്ത സ്ഥിതിയുമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാൽ, വില വർധനയുടെ ഗുണം ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ല. ഒറ്റപ്പെട്ട ചില കർഷകർക്ക് മാത്രമേ നിലവിൽ കപ്പയുള്ളൂ. അയർക്കുന്നം, കൂരോപ്പട, പാമ്പാടി, നെടുംകുന്നം, കറുകച്ചാൽ, വാകത്താനം, മീനടം, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിലാണ് വലിയ തോതിൽ ജില്ലയിൽ കപ്പ കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ കപ്പക്കുണ്ടായ തുടർച്ചയായ വിലയിടിവ് മൂലം കൃഷിയിൽനിന്ന് കർഷകർ പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഇതാണ് കപ്പയുടെ ലഭ്യത കുറയാൻ കാരണം. വിലയിടിവിനൊപ്പം കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ പ്രശ്നങ്ങളും തിരിച്ചടിയായി. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും കപ്പയുടെ ഉൽപാദനത്തെ ബാധിച്ചു. ആറ് മാസംകൊണ്ട് വിളയുന്ന കപ്പയാണ് പല കർഷകരും നടുന്നതെന്നതിനാൽ മുൻകാലങ്ങളിൽ എപ്പോഴും കിഴങ്ങുകൾ ലഭ്യമായിരുന്നു. എന്നാൽ, വിലയിടിവിനെ തുടർന്ന് പലരും ആറുമാസ തണ്ടിനെയും കൈയൊഴിഞ്ഞു. എപ്രിൽ അവസാനത്തോടെയാണ് കപ്പ വില ഉയർന്നു തുടങ്ങിയത്. മേയ് ആദ്യം ഇത് 30 വരെയെത്തി. അഞ്ച് വർഷത്തിനിടെ കപ്പക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴത്തേതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിലവർധന, പിന്തിരിഞ്ഞു നിൽക്കുന്ന കർഷകരെ വീണ്ടും കപ്പകൃഷിയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും ഇത് കപ്പ വിഭവങ്ങൾ നിർമിക്കുന്നവർക്ക് തിരിച്ചടിയാണ്. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ വലിയ വില നൽകി സംഭരിക്കേണ്ടി വരുന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയാണ്. സംഭരണത്തെയും വിലക്കയറ്റം പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അന്ന് 15 മുതൽ 20 രൂപക്കായിരുന്നു ചില്ലറ വിൽപന. വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കപ്പ വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഗ്രാമപ്രദേശങ്ങളിൽ പല സ്ഥലത്തും ചെറിയ വിലയ്ക്കാണ് കപ്പ വിറ്റുതീർത്തത്. പലർക്കും നേരിട്ട് വിൽപനക്ക് ഇറങ്ങേണ്ട സ്ഥിതി പോലും ഉണ്ടായി. കൃഷിക്കായി ചെലവാക്കിയ തുകപോലും കിട്ടാതെ വന്നു. ഇതോടെ പല കർഷകരും തൽക്കാലം കപ്പ നടേണ്ടതില്ലെന്ന ചിന്തയിലേക്ക് എത്തി.
ഇതിനിടെ വിലയിടിവ് രൂക്ഷമായതിനെ തുടർന്ന് കപ്പ സംഭരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നു. വില കുതിച്ചുകയറിയതോടെ സംഭരണം നിര്‍ത്തി. ഉണക്ക കപ്പക്ക് 80 രൂപ വരെയായി വില ഉയർന്നിട്ടുണ്ട്. ആമസോൺ വ്യാപാര സൈറ്റിൽ ഒരുകിലോ കപ്പക്ക് 250 രൂപ വരെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.