കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്‍റെ കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാന്‍ഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.

കൊച്ചിൻ ഇന്‍റര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിൽ സംസ്ഥാന സർക്കാരിന്‍റെ 33% ഓഹരി വിഹിതവും കർഷകരുടെ 24% ഓഹരി വിഹിതവും, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും ഉൾപ്പെടും.

കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്‍റെ പ്രതിനിധി, കേരള അ​ഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരുമാകും.

Tags:    
News Summary - Kerala Agro Business Company will be formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.