പത്തനംതിട്ട: മുട്ട ഉൽപാദനത്തില് കേരളം സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സര്‍ക്കാർ ധനസഹായത്തോടെ പൗള്‍ട്രി വികസന കോര്പറേഷന് നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്കായുള്ള പദ്ധതിയാണിത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തുന്ന ഈ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍നിന്ന് പറക്കോടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തില്‍ തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും 100 കോഴിയെയും കൂടും നല്‍കും. ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം അടക്കണമെന്നും മന്ത്രി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉൽപാദനം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ബി.വി 3-80 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്. പദ്ധതി വഴി വിതരണം ചെയ്യുന്ന കൂട്ടില്‍ കോഴികള്‍ക്ക് വെള്ളം കുടിക്കാനുള്ള സംവിധാനം, കാഷ്ഠം കൂട്ടില്‍ വീഴാതെ പുറത്തേക്കുപോകാനുള്ള സംവിധാനം എന്നിവയുണ്ടെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ കോഴിയും കൂടും വിതരണോദ്ഘാടനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷന് ജേക്കബ്, ആര്.ബി. രാജീവ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, എം. മഞ്ജു, സുജ അനില്‍, വിമല മധു, കെപ്കോ ചെയര്മാന് പി.കെ. മൂര്‍ത്തി, കെപ്കോ മാനേജിങ് ഡയറക്ടര്‍ പി. സെല്‍വകുമാര്‍, കെപ്കോ കോഓഡിനേറ്റര്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജശേഖരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.