ചെറുതോണി: ചേലച്ചുവട് പുന്നോലിക്കുന്നേൽ ആസാദ് ആള് പൊലീസാണ്. പക്ഷേ, ഔദ്യോഗിക കൃത്യനിർവഹണം കഴിഞ്ഞാൽ മറയൂർ സ്റ്റേഷനിലെ ഈ സിവിൽ പൊലീസ് ഓഫിസറുടെ ലോകം കൃഷിയിടമാണ്. വെറും കൃഷിയിടമല്ല, ഒരു വെറൈറ്റി കൃഷിയിടം. ഒന്നരയേക്കർ സ്ഥലത്ത് സൂചികുത്താൻ ഇടമില്ല. പലതരം ഏലച്ചെടികൾ 250ലധികം വരും. നൂറിലധികം ജാതിയും അത്രത്തോളം കുരുമുളകും അമ്പതിലേറെ വാനിലയും വേറെ. എല്ലാം വ്യത്യസ്ത ഇനങ്ങൾ എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കൊണ്ടുവന്ന 24ഇനം ജാതികളാണ് ആസാദിെൻറ ജാതിത്തോട്ടത്തെ വേറിട്ടതാക്കുന്നത്. ഏലവുമുണ്ട് ഏഴ് തരം. സമൃദ്ധമായി വളർന്നുനിൽക്കുന്ന പ്ലാവിനങ്ങൾ മാത്രം 20 തരമുണ്ട്. തനി വരിക്കച്ചക്ക മുതൽ തേൻവരിക്ക വരെ. ഇതുകൊണ്ടൊന്നും തീരുന്നില്ല വിശേഷങ്ങൾ.
നാടൻകോഴി മുതൽ പലതരം കോഴികൾ 150ലധികം വരും. താറാവുമുണ്ട് 50 എണ്ണം. ആട് മാത്രം ഏഴെണ്ണമേയുള്ളൂ. ജോലിത്തിരക്കുകൾക്കിടയിലും കൃഷിയുടെ കാര്യങ്ങളെല്ലാം ആസാദ് സ്വന്തമായാണ് ചെയ്യുന്നത്. ഭാര്യ മിനുക്കുട്ടിയും അമ്മ ഏലിക്കുട്ടിയും സഹായത്തിനുണ്ട്. കൃഷിത്തോട്ടം വിപുലമാണെങ്കിലും ജോലിക്കാരെ വെച്ചിട്ടില്ല. രണ്ട് മക്കളുടെ പേരിലുമുണ്ട് പ്രത്യേകത. ജോർദാനും ജർമനിയും. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ഷാജി, അണക്കര സ്വദേശി ഗുരുജി, ഐസക് എന്നിവർ ആസാദിെൻറ കൃഷിക്ക് എല്ലാവിധ പ്രോത്സാഹനവും നിർദേശങ്ങളും നൽകുന്നു. മൂവരും കൃഷിക്കാർ. ഷാജിക്ക് 16 ഏക്കറിലാണ് കൃഷി. ഐസക്കിന് കുമളിയിൽ 26 ഏക്കർ ഏലത്തോട്ടമുണ്ട്. ഗുരുജിക്ക് 80 ഏക്കർ സ്ഥലത്ത് കൃഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.