മുണ്ടൂർ: ഗ്രാമീണ മേഖലയിലെ കൂർക്ക പാടങ്ങൾ വിളവെടുപ്പിനൊരുങ്ങിയതോടെ കർഷകർ ഏറെ പ്രതീക്ഷയിലാണ്.പാടശേഖരങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പു കാലത്ത് തങ്ങളുടെ ഉൽപന്നത്തിന് ഉയർന്ന വില പൊതു വിപണിയിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്. സ്വാദും പോഷകസമൃദ്ധവുമായ കുർക്ക സ്വദേശത്തും ഗൾഫ് നാടുകളിലും പ്രിയമുള്ള കിഴങ്ങുവർഗത്തിലെ പ്രധാന വിഭവങ്ങളിലൊന്നാണ്.
ചീവി കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നിങ്ങനെയും കൂർക്കക്ക് പേരുണ്ട്. കൂർക്ക കൃഷി ചെയ്യുന്ന കേരളത്തിലെ പ്രധാന കേന്ദ്രങ്ങൾ പാലക്കാട്, തൃശൂർ ജില്ലകളാണ്. മുണ്ടൂർ, കോങ്ങാട്, പുതുപ്പരിയാരം, കേരളശ്ശേരി എന്നിവിടങ്ങളിൽ വൻതോതിൽ കൂർക്ക കൃഷി ചെയ്യുന്നവരുണ്ട്. കേരളത്തിലെ കൃഷിസ്ഥലങ്ങൾ കൂർക്ക കൃഷിക്ക് വളരെ അനുയോജ്യമാണ്.
ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ കൂടിയ പരിചരണങ്ങളില്ലാതെ കൃഷി ചെയ്യാവുന്ന ഇനമാണിത്. ഒന്നാംവിളക്കു ശേഷം കൂർക്ക കൃഷി ചെയ്യുന്നവരുമുണ്ട്. സാധാരണ രീതിയിൽ ജൂലൈ മുതൽ ഒക്ടോബർ വരെയാണ് കൂർക്ക കൃഷി ചെയ്യുക.
നേരത്തേ കൃഷി ഇറക്കിയ സ്ഥലങ്ങളിൽ ഡിസംബർ മാസത്തോടെ കൂർക്ക വിളവെടുപ്പിന് പാകമാവും. നിലവിൽ കൂർക്കക്ക് കിലോഗ്രാമിന് 80 രൂപ വിലയുണ്ട്. അയൽജില്ലകളിൽ നിന്ന് വൻതോതിൽ കൂർക്ക പൊതുവിപണിയിൽ എത്താതിരുന്നാൽ കർഷകർക്ക് കൂർക്ക വിൽക്കുമ്പോൾ കിലോഗ്രാമിന് 50 രൂപ മുതൽ കൂടുതൽ ലഭിക്കും. മറ്റു പച്ചക്കറി ഇനങ്ങളെ അപേക്ഷിച്ച് കേടുവരാതെ സൂക്ഷിക്കാനും യോജിച്ചതാണ് കിഴങ്ങിനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പതിവിലും നേരത്തേ കൃഷി ചെയ്തവർ വിളവെടുത്ത കൂർക്ക വിപണിയിൽ ചുരുങ്ങിയ തോതിൽ എത്തിത്തുടങ്ങിയെങ്കിലും വിളവെടുപ്പു കാലം സജീവമാവാത്തതിനാൽ കർഷകർക്ക് ന്യായ വില ലഭിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.