കുറ്റ്യാടി: കുറ്റ്യാടി തേങ്ങ ഉൽപാദനകേന്ദ്രത്തിൽ നിന്നുതന്നെ മുളപ്പിച്ച് തെങ്ങിൻതൈ ഉൽപാദിപ്പിക്കാൻ മരുതോങ്കര ഗ്രാമപഞ്ചായത്ത്. ഹരിത കർമസേനയുടെ ബാനറിലാണ് ഗുണമേന്മയിലും ഉൽപാദനത്തിലും മുൻപന്തിലുള്ള നാടൻ ഇനം കുറ്റ്യാടി തേങ്ങയുടെ വിപണിമൂല്യം തിരിച്ചുപിടിക്കാനായി പദ്ധതി നടപ്പാക്കുന്നത്.
ഏഴായിരത്തിൽപരം വിത്തുതേങ്ങകളാണ് കോതോട് തോട്ടത്തിൽ പാകിയിരിക്കുന്നത്. പഞ്ചായത്തിലെ നാളികേര കർഷകരിൽനിന്ന് 50 രൂപക്കാണ് തേങ്ങ ശേഖരിച്ചത്. തൈകൾ അടുത്ത വർഷം കർഷകരുടെ കൃഷിയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുകൊടുക്കും.
മലയോര പഞ്ചായത്തുകളായ മരുതോങ്കര, കാവിലുമ്പാറ എന്നിവിടങ്ങളിൽനിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിത്ത് നാളികേരം സംഭരിക്കുന്നത്. ഇവിടെ കൃഷി വകുപ്പിന്റെ ഫാം തുടങ്ങണമെന്ന ആവശ്യം തുടങ്ങിയിട്ട് വർഷങ്ങളായി. കൃഷി വകുപ്പ് സംഭരിക്കുന്ന വിത്തുതേങ്ങ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫാമുകളിലേക്ക് കയറ്റി അയച്ച് മുളപ്പിച്ച് ഇവിടേക്കുതന്നെ തിരിച്ചുവരുന്ന സ്ഥിതിയാണ്. കൃഷി വകുപ്പിന് ചെലവുചുരുക്കാൻ കഴിയുന്ന പദ്ധതിയായിട്ടും ഇവിടെ ഫാം തുടങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പുതിയ പദ്ധതിയുമായി മുന്നോട്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.