വളരെ കുറഞ്ഞ സമയംകൊണ്ട് പോഷകസമൃദ്ധമായി വളർത്തിയെടുക്കാവുന്ന ഇലവർഗവിളയാണ് മൈക്രോഗ്രീൻസ്. വിദേശ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ളതും ഇന്ത്യയിലും കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ ഒരു നവീന ‘ന്യൂ ജനറേഷൻ’ എന്ന് വിശേഷിപ്പിക്കാവുന്ന കൃഷിരീതിയാണിത് -മൈക്രോഗ്രീൻസ് ഫാമിങ് അഥവാ കുഞ്ഞൻ പച്ചില കൃഷി.
കേരളീയർ പണ്ടുമുതലേ പയർവർഗങ്ങളും മറ്റും മുളപ്പിച്ചുകഴിക്കാറുണ്ട്. എന്നാൽ പയർവർഗങ്ങൾ മാത്രമല്ല പലതരം പച്ചക്കറി വർഗങ്ങളും മൈക്രോഗ്രീൻസ് രീതിയിൽ കൃഷിചെയ്ത് ഉപയോഗിക്കാൻ കഴിയും.
ഭക്ഷ്യയോഗ്യമായ പയറുകളും വിത്തുകളും മുളപ്പിച്ച് രണ്ടില പാകംവരെ വളർത്തിയെടുത്ത് ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കൃഷിരീതിയാണ് മൈക്രോഗ്രീൻസ് കൃഷി. വലുപ്പത്തിൽ പിന്നിലാണെങ്കിലും പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഈ ഇത്തിരിപ്പോന്ന കുഞ്ഞനിലകൾ. അയേൺ, കാത്സ്യം, അമിനോആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇതിന് വളരെ ആവശ്യക്കാരുണ്ട്. നമ്മുടെ സൂപ്പർമാർക്കറ്റുകളിലും ഇത് സുലഭമാണ്.
ലോകത്ത് 150ഓളം ചെടികൾ മൈക്രോഗ്രീൻ കൃഷിക്കായി ഉപയോഗിച്ചുവരുന്നു. നമ്മുടെ കേരളത്തിൽ 25ഓളം മൈക്രോഗ്രീൻസ് വളർത്തുന്നുണ്ട്. പയർവർഗങ്ങൾ, കടുക്, ബീറ്റ്റൂട്ട്, കാരറ്റ്, ചോളം, സൂര്യകാന്തി, മുള്ളങ്കി, ചീരകൾ തുടങ്ങി വിവിധ മൈക്രോഗ്രീനുകൾ ഇവിടെ കൃഷിചെയ്യുന്നു.
മണ്ണില്ലാതെയും ചെറിയതോതിൽ മണ്ണോ ചകിരിച്ചോറോ ഉപയോഗിച്ചും മൈക്രോഗ്രീൻസ് കൃഷിചെയ്യാവുന്നതാണ്. ഹൈടെക് കൃഷിരീതിയിലും സാധാരണ രീതിയിലും ചെയ്യാവുന്ന നൂതന കൃഷിയാണിത്. കാലാവസ്ഥയോ സ്ഥലമോ സൂര്യപ്രകാശമോ ഒന്നും ഇതിന് ആവശ്യമില്ല. കുട്ടികൾക്കും വീട്ടിലുള്ളവർക്കും അനായാസേന ചെയ്യാവുന്നതാണ്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, ഡിഷുകൾ, ചെറിയ ട്രേകൾ എന്നിവ ഉപയോഗിച്ച് കൃഷിചെയ്യാം. അതുകൊണ്ടുതന്നെ ട്രേ ഫാമിങ് എന്ന വിളിപ്പേരുകൂടിയുണ്ട് ഈ കൃഷിരീതിക്ക്.
രണ്ടിഞ്ചു കനത്തിൽ പൊടി മണ്ണോ, ചാണകപ്പൊടിയോ ചകിരിച്ചോറോ എന്നിവയിൽ ഏതെങ്കിലും ഒന്ന് പോട്ടിങ് മിശ്രിതമായി എടുത്ത് നടാനുള്ള പാത്രത്തിൽ നിറച്ച് കുതിർത്ത വിത്തുകൾ പാകാവുന്നതാണ്.
വളമോ കീടനാശിനിയോ ആവശ്യമില്ല. ചെറിയ തോതിൽ വെള്ളം സ്പ്രേ ചെയ്തുകൊടുക്കാവുന്നതാണ്. മണ്ണുപയോഗിക്കാതെ ഹൈഡ്രോപോണിക് രീതിയിലും കൃഷിചെയ്യാം. കോട്ടൺ തുണികളോ കുതിർത്ത പേപ്പറുകളോ ടിഷ്യൂ പേപ്പറുകളോ ചെടിവളർത്താനുള്ള മാധ്യമമാക്കി ചെറിയ അളവിൽ വെള്ളം തളിച്ച് മൈക്രോഗ്രീൻസ് വളർത്തിയെടുക്കാനാകും
നട്ട് രണ്ടാഴ്ച അല്ലെങ്കിൽ 14 മുതൽ 20 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഇലകൾ പൊട്ടി വിത്തിൽനിന്ന് പുറത്തുവരുന്ന പാകമാണ് ഉത്തമം. പ്രായമായ ചെടികളേക്കാൾ നാലിരട്ടി പോഷകം ഈ കുഞ്ഞൻ ചെടികൾക്കുണ്ട്.
പൊതുവെ സാലഡുകളായാണ് മൈക്രോഗ്രീൻ ഉപയോഗിക്കുന്നത്. തോരനായും മറ്റു വിഭവങ്ങളിൽ രുചിയും മണവും കൂട്ടാനും ഭക്ഷണങ്ങൾ അലങ്കരിക്കാനും ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.