തൃശൂർ: അത്യപൂർവമായ വരൾച്ചയിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്. വളരെ കരുതലോടെ ഈ വേനൽക്കാലത്തെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ നഷ്ടങ്ങളാകും ഫലം. സ്വന്തം ശരീരവും ജീവിതവും ഒക്കെ വരൾച്ചയിൽനിന്നും സംരക്ഷിക്കുന്നതോടൊപ്പം നമുക്ക് ചുറ്റുമുള്ളവയെയും വേനലിൽ കരിയാതെ കാത്തുസൂക്ഷിക്കൽ മനുഷ്യന്റെ കടമയാണ്. വരൾച്ചയെ പ്രതിരോധിക്കാൻ ചില കൃഷി പരിപാലന മുറകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
കേരളത്തിൽ അപൂർവമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശൂർ ജില്ലയിലും റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. ഉയർന്ന താപനില ശരാശരി ദിന താപനിലയേക്കാൾ 4.50 സെൽഷ്യസിനു മുകളിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിൽ രണ്ടിൽ കൂടുതൽ സ്ഥലങ്ങളിൽ ഉണ്ടാകുമ്പോഴാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ മേയ് ആദ്യ വാരം വരെ ചൂടും ആർദ്രതയും കൂടി നിൽക്കുന്ന അന്തരീക്ഷാവസ്ഥ തുടരാനാണ് സാധ്യത.
കാലാവസ്ഥ വ്യതിയാനവും അതികാഠിന്യമേറിയ വേനലും കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉയർന്ന താപനില, രൂക്ഷമായ ജലദൗർലഭ്യം, മലിനമായ ജലം എന്നിവ കാരണം കാർഷിക പരിപാലന മുറകൾ അനുവർത്തിക്കാൻ സാധ്യമാകാതെ പോകുന്നു. നട്ട വിളകളെയും ചിരസ്ഥായിയായ വിളകളെയും സംരക്ഷിക്കുന്നതിന് അടിയന്തരനടപടി കൈക്കൊള്ളുകയല്ലാതെ മാർഗമില്ല.
നെല്ല്
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളിൽ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചന രീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നത് വരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോൾ മാത്രം അടുത്ത നന നൽകുകയുമാണ് അഭികാമ്യം. എന്നാൽ മണ്ണ് വരണ്ടുണങ്ങാൻ അനുവദിക്കരുത്.
നെല്ലിൽ കതിർ നിരക്കുന്ന സമയത്തുണ്ടാകുന്ന വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും എന്നതിനാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1ലിറ്റർ വെള്ളം), ബോറോൺ (2 ഗ്രാം/1 ലിറ്റർ വെള്ളം), സാലിസിലിക് അസിഡ് (50 മില്ലിഗ്രാം/1ലിറ്റർ വെള്ളം) എന്നിവയിൽ ഏതെങ്കിലും ഒന്ന് തളിച്ചു കൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമാണ്.
മുഞ്ഞ
നെല്ലിൽ മുഞ്ഞ ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിളക്ക് കെണികൾ ഉപയോഗിക്കാം. ഇത് വരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളിൽ നടീൽ അകലം/വിതക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക.
ബാക്റ്റീരിയൽ ഇലകരിച്ചിൽ
ബാക്റ്റീരിയൽ ഇല കരിച്ചിലിനെയും മറ്റു കുമിൾ രോഗങ്ങളെയും ചെറുക്കാനായി ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പച്ചചാണകം കലക്കി അതിന്റെ തെളിയെടുശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേർത്ത് തളിക്കുക.
വാഴ
വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജല ആഗിരണശേഷി വർധിപ്പിക്കുക. കരിയില, ഓല മറ്റ് ജൈവാവശിഷ്ടങ്ങൾ എന്നിവ കൊണ്ട് തടത്തിൽ പുതയിടുക. ജല ലഭ്യത അനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുക.
കണിക ജലസേചന രീതി (12 ലിറ്റർ/ ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക. വരൾച്ച പ്രതിരോധിക്കാൻ വാഴയിലകളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (അഞ്ച് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) രണ്ടാഴ്ച ഇടവേളകളിൽ തളിച്ചു കൊടുക്കാവുന്നതാണ്. വേനൽക്കാലത്ത് വാഴയിലയിൽ ഇല പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിന് സാധ്യതയുണ്ട്.
ഇതിന്റെ നിയന്ത്രണത്തിനായി ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയിൽ ഹോർട്ടികൾച്ചറൽ മിനറൽ ഓയിൽ 25 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
വെജിറ്റബിൾ സൾഫർ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്. സാലിസിലിക് ആസിഡ് 140 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 250 മില്ലിലിറ്റർ ഒരു ചെടിക്ക് എന്ന തോതിൽ ചെടിയിൽ തളിക്കുന്നത് വരൾച്ചയെ അതിജീവിക്കുന്നതിന് സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.