പ്രജിഷ

തുടങ്ങാം...താമരക്കൃഷി

കേരളത്തിലെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം. സെപ്റ്റംബർ വരെയും നടാം. മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക. ചില സീസണിൽ 100 രൂപ വരെ വലിയ താമരപ്പൂവിന് ലഭിക്കും. സീസണിൽ ശരാശരി 10 രൂപ മുതൽ 50 രൂപ വരെ വില ലഭിക്കും. ഹൈബ്രിഡ്‌ ഇനങ്ങൾക്കാണ് വില കൂടുതൽ. ഇനം മാറുന്തോറും വിലയും മാറും. നല്ല സൂര്യപ്രകാശം ലഭിച്ചാൽ വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ താമര വളർത്താം. കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്യുന്നുണ്ട്.

രണ്ടു വർഷമായി വിജയകരമായി താമര കൃഷി ചെയ്യുന്ന വയനാട് മീനങ്ങാടിയിലെ കോട്ടക്കുന്ന് ശ്രീപദ്മത്തിൽ പ്രജിഷ 65ലധികം ഇനം, വീട്ടുവളപ്പിൽ വളർത്തുന്നുണ്ട്. അറുപതിലധികം ഇനം അവക്കാഡോ ഉൾപ്പെടെ നിരവധി ഫലവൃക്ഷങ്ങളുടെ നഴ്സറി നടത്തുന്നുണ്ട് പ്രജിഷയുടെ ഭർത്താവ് സംപ്രീത് കുമാർ. മുപ്പതിലധികം ഇനം ആമ്പലുകളും പ്രജിഷ കൃഷി ചെയ്യുന്നുണ്ട്. എളുപ്പത്തിൽ വളർത്താൻ പറ്റുന്നവയാണ് ആമ്പൽ.

ഇനങ്ങൾ

തായ്‍ലൻഡ് ഇനങ്ങളായ പിങ്ക് ക്ലൗഡ്, സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ, ബുച്ച, കേരളത്തിൽ ഗണേശ് അനന്ത കൃഷ്ണൻ വികസിപ്പിച്ചെടുത്ത അഖില, മിറക്കിൾ, വൈറ്റ് പഫ്, ലിറ്റിൽ റെയ്ൻ, ആൽമണ്ട് സൺഷൈൻ, ജാപ്പനീസ് ഇനമായ ഷിരോമൻ, വൈറ്റ് പിയോണി, യെല്ലോ പിയോണി, റെഡ് പിയോണി, അമരി പിയോണി, റാണി റെഡ് എന്നിവയും രണ്ടു തരം സഹസ്രദള പദ്മവും പ്രജിഷയുടെ കൈവശമുണ്ട്. കഴിഞ്ഞവർഷം വീട്ടുവളപ്പിൽ സഹസ്രദളം വിരിഞ്ഞിരുന്നു. ഇവയിൽ പിങ്ക് ക്ലൗഡ്, സാറ്റ ബോങ്കെറ്റ്, ബുച്ച, അമേരി കമേലിയ, മിറാക്കിൾ തുടങ്ങിയവ എല്ലാ മാസവും പൂവിരിയുന്നവയാണ്. വളരെ ചെറിയ ഇനമായ ലിയാങ്ക്ളി നന്നായി പൂക്കൾ ലഭിക്കുന്നവയാണ്.

കൃഷിരീതി

30 ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൂന്നു മുതൽ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്നു മുതൽ രണ്ടു കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അൽപം മണ്ണ് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കിയ ശേഷം അതിനു മുകളിൽ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം. മണ്ണിൽ വേരോ കല്ലോ ഉണ്ടാകരുത്. അൽപം വെള്ളമൊഴിച്ച് ഏഴു ദിവസം അനക്കാതെ വെക്കണം. എട്ടാം ദിവസം ഏറ്റവും മുകളിൽ ചെളിയിൽ കിഴങ്ങ് നടണം. കിഴങ്ങ് നട്ട ശേഷം ഇടക്കിടെ വെള്ളമൊഴിക്കുമ്പോൾ ചളി കലങ്ങാതിരിക്കാൻ ഒരു പ്ലാസ്റ്റിക് വിരിച്ച് അതിലേ വെള്ളമൊഴിക്കാവൂ. താമരയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണിത്.

കീടബാധ

മറ്റു ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭവർഗത്തിലുള്ള പുഴുവിനെ നിയന്ത്രിക്കാൻ ബ്യുവേറിയ ബാസിയാന എന്ന ജീവാണു ഉപയോഗപ്പെടുത്താം. വിവരങ്ങൾക്ക് ഫോൺ: 8157832308.  

Tags:    
News Summary - lets start lotus cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.