പാലക്കാട്: ത്രിതല പഞ്ചായത്തുകളിൽ കർഷകപങ്കാളിത്തവും പദ്ധതികളും ഉറപ്പാക്കാൻ പദ്ധതി രൂപവത്കരണ പ്രക്രിയയിൽ നിർണായക ഇടപെടലുമായി സർക്കാർ. നേരത്തേ പഞ്ചായത്ത് തലങ്ങളിൽ വിരലിലെണ്ണാവുന്ന പദ്ധതി രൂപവത്കരണ ആലോചന യോഗങ്ങളിൽ ഒതുങ്ങിനിന്നിരുന്ന കർഷക പ്രാതിനിധ്യം വാർഡ് തലം മുതൽ കൊണ്ടുവരാൻ കർഷക ഗ്രാമസഭകൾ ചേരാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. നിലവിൽ കൃഷി വർക്കിങ് ഗ്രൂപ്പിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കർഷക പ്രാതിനിധ്യമാണ് പുതുനിർദേശത്തോടെ വികസിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും നഗരഭരണ സ്ഥാപനങ്ങളിലും 2025-26ലെ പദ്ധതി രൂപവത്കരണം മുതൽ ഗ്രാമസഭകൾ കൂടും മുമ്പ് കർഷക ഗ്രാമസഭ പൂർത്തിയാക്കണം. അവയിലുയരുന്ന നിർദേശങ്ങൾ ചർച്ചചെയ്ത് പദ്ധതിയുടെ ഭാഗമാക്കണമെന്നും തദ്ദേശവകുപ്പ് നിർദേശിച്ചു.
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ സമിതി യോഗതീരുമാനപ്രകാരമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നിലവിൽ ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമേ സ്പെഷൽ ഗ്രാമസഭകൾ നടക്കുന്നുള്ളൂ. അതും പഞ്ചായത്ത് തലത്തിൽ മാത്രം.
തദ്ദേശ സ്ഥാപന പ്രസിഡന്റ്/ചെയർമാൻ, വാർഡ് അംഗം എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് കർഷകസഭകൾ ചേരേണ്ടത്. ഇതിനുള്ള അജണ്ട തയാറാക്കാൻ കൃഷി അസി. കൺവീനറായ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങളിൽ രൂപവത്കരിച്ച് ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പുമായി ചർച്ചചെയ്യണം.
കർഷകസഭയിൽ അവതരിപ്പിക്കാൻ കൃഷി ഓഫിസർ കാർഷിക മേഖലയിലെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കണം. അഞ്ചു വർഷത്തെ കാർഷിക മേഖലയുടെ അവസ്ഥ വിശകലനം ചെയ്യുന്ന സ്റ്റാറ്റസ് റിപ്പോർട്ടിൽ മുൻ വർഷങ്ങളിൽ കൃഷിക്ക് വകയിരുത്തിയ തുക, ഭൗതികനേട്ടങ്ങൾ, തുക നീക്കിവെച്ചിട്ടും നേട്ടമുണ്ടാകാത്തവ തുടങ്ങിയവ വിശദീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേന്ദ്രാവിഷ്കൃത-സംസ്ഥാനാവിഷ്കൃത പദ്ധതികൾ സംബന്ധിച്ച ലഘുവിവരണവും കൃഷി ഓഫിസർ തയാറാക്കണം. പ്രത്യേക കർഷകസഭകൾ കൂടിയില്ലെങ്കിൽ ഭരണസമിതി തീരുമാനാടിസ്ഥാനത്തിൽ ഗ്രാമസഭ, വാർഡ് സഭയോടൊപ്പം കർഷകസഭയും ചേരാം. ഓരോ വാർഡോ ഒന്നിലധികം വാർഡുകൾ ഒരുമിച്ചോ കർഷകസഭ കൂടാം. കർഷകസഭയുടെ നിർദേശങ്ങൾക്ക് ഗ്രാമസഭയുടെ അംഗീകാരം വാങ്ങുകയും വേണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.