മലപ്പുറം: വേനൽ കടുത്തതോടെ കറവപ്പശുക്കളെ പരിപാലിക്കുന്നതിൽ ശ്രദ്ധ വേണമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടുന്നതിനനുസരിച്ച് പാൽ ഉൽപാദനം കുറയാനും ആരോഗ്യ ഭീഷണി സൃഷ്ടിക്കാനും കാരണമാകുമെന്ന് അധികൃതർ അറിയിച്ചു. അത്യുൽപാദന ശേഷിയുള്ള ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാൻ ശേഷി തീരെ കുറവാണ്. കടുത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരും. തീറ്റയെടുക്കൽ പൊതുവെ കുറയും. ശരീരസമ്മർദമേറുമ്പോൾ രോഗങ്ങൾക്കും സാധ്യതയേറെ. പാലുൽപാദനം കുറയാതിരിക്കണമെങ്കിൽ വേനൽക്കാലത്തെ പശുപരിപാലനത്തിൽ പ്രത്യേക കരുതൽ പ്രധാനമാണ്.
വേണം, വേനൽസൗഹൃദ തൊഴുത്തുകൾ
ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ നടുക്ക് 3.5 മീറ്ററും വശങ്ങളില് മൂന്ന് മീറ്ററും ചുരുങ്ങിയത് ഉയരം വേണം. വശങ്ങളിലെ ഭിത്തികളുടെ ഉയരം പരമാവധി ഒരു മീറ്റർ മതി. തൊഴുത്തിന്റെ പരിസരത്തുള്ള തടസ്സങ്ങള്‍ നീക്കി വായുസഞ്ചാരം എളുപ്പമാക്കണം. തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കണം. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്പ്പോളിന് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറക്കും. സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദം കുറക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിറ്റ് നേരം ഇവ പ്രവർത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേൽക്കൂര നനച്ച് നൽകാം.
പാടത്ത് കെട്ടിപ്പോകരുതേ
കടുത്ത വേനലില്‍ പശുക്കൾക്കും സൂര്യാതപവും സൂര്യാഘാതവും ഏല്ക്കാൻ സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിൽ നിരവധി കന്നുകാലികൾക്ക് സൂര്യാഘാതമേറ്റ് ജീവൻ നഷ്ടമായിട്ടുണ്ട്. പകൽ 11നും മൂന്നിനും ഇടയിൽ പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും പാടങ്ങളില്‍ കെട്ടിയിടുന്നതും തകര/ ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകള് രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
വെള്ളവും തീറ്റയും കരുതലോടെ
നിർജലീകരണം തടയാനും പാല് ഉൽപാദനനഷ്ടം കുറക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം തീരുന്ന മുറക്ക് താനേ വന്നുനിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളം ഉറപ്പാക്കാം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്കുകൊണ്ട് മറക്കാം. പശു കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് വേനലിൽ കുറയുന്നതിനാൽ നൽകുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും അസോള പോലുള്ള ഇലത്തീറ്റകളും നല്‍കണം.
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവുമൂലം ഉണ്ടാവാനിടയുള്ള ജീവകം ‘എ’യുടെ അപര്യാപ്തത പരിഹരിക്കാൻ ഇവ അടങ്ങിയ മിശ്രിതങ്ങള്‍ പശുക്കള്‍ക്ക് നല്‍കണം. വിപണിയില്‍ ലഭ്യമായ ധാതുലവണമിശ്രിതങ്ങളും യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയിൽ നൽകണം. അത്യുൽപാദനശേഷിയുള്ള പശുക്കളുടെ തീറ്റയില്‍ ബൈപാസ് പ്രോട്ടീനുകള്‍, ബൈപാസ് ഫാറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തുക.
വേനൽക്കാല വന്ധ്യത തടയാം
വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും ഇവയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ അതിരാവിലെയും സന്ധ്യക്കും മദി നിരീക്ഷിക്കണം. മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മർദത്തിന്റെ ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാതിരിക്കാൻ സാധ്യതയുണ്ട്.
ശരീരസമ്മര്‍ദം കുറക്കാനുള്ള മാർഗങ്ങള്‍ സ്വീകരിച്ചും ഉയര്‍ന്ന പോഷക സാന്ദ്രതയുള്ള സമീകൃതാഹാരങ്ങള്‍ ഉറപ്പുവരുത്തിയും പശുക്കളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഫാം രജിസ്റ്ററുകൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാം. കൃത്രിമ ബീജദാനം തണലുള്ള സ്ഥലത്ത് വെച്ച് നടത്തണം. ബീജദാനം നടത്തിയശേഷം അര മണിക്കൂർ പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിന് സാധ്യത കൂട്ടും.
വേനൽക്കാലത്തെ ആരോഗ്യം
രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണമാണ്. അകിടുവീക്കം, കുരലടപ്പൻ രോഗങ്ങളും വേനലിൽ കൂടുതലായി കാണുന്നു. ശരീരസമ്മർദം കാരണം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടും.
തീറ്റമടുപ്പ്, പാല് ഉൽപാദനം പെട്ടെന്ന് കുറയല്‍, തളര്‍ച്ച, ശക്തമായ പനി, വിളര്‍ച്ച, കണ്ണിൽ പീളകെട്ടൽ, മൂന്നാമത്തെ കൺപോള പുറത്തുകാണൽ, ശ്വാസമെടുക്കാൻ പ്രയാസം, അമിതകിതപ്പ്, വയറിളക്കം, മൂത്രത്തിന്റെ നിറം തവിട്ടുനിറമാവൽ തുടങ്ങി ഏതെങ്കിലും അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. പാലുൽപാദനം അൽപം കുറഞ്ഞാലും പശുക്കളുടെ ആരോഗ്യസംരക്ഷണത്തിനുതന്നെയാണ് വേനലില്‍ മുഖ്യപരിഗണന വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.