കട്ടപ്പന: ഏലത്തിന് വില ഇടിയുന്നു. വിപണനത്തിെൻറ നിയന്ത്രണം സ്വകാര്യ കമ്പനികളെ മാത്രം ആശ്രയിച്ചായതാണ് വിനയായതെന്ന് കർഷകർ. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വെള്ളിയാഴ്ച നടന്ന കെ.സി.പി.എം.സിയുടെ ഓൺലൈൻ ലേലത്തിൽ ശരാശരി വില 1050 രൂപയായിരുന്നു.
രാവിലെ നടന്ന മറ്റൊരു കമ്പനിയുടെ ലേലത്തിൽ ശരാശരി വില 1113 രൂപയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഓരോ ലേലത്തിലും ശരാശരി വില താഴുന്നു എന്നാണ്. ഇപ്പോഴത്തെ രീതിയിൽ വില താഴ്ന്നാൽ അടുത്ത ആഴ്ചയോടെ ശരാശരി വില ആയിരത്തിൽ താഴെയാകും. കഴിഞ്ഞ ആഴ്ച ശരാശരി വില 1150 രൂപയായിരുന്നു.
ഏലക്കായ വിപണനത്തിെൻറ കുത്തക തമിഴ്നാട്ടിലേക്ക് മാറിയതോടെ അവിടത്തെ ഏജൻറുമാരും ഉത്തരേന്ത്യൻ കച്ചവടക്കാരും കുത്തക കൈക്കലാക്കി. സ്വകാര്യ കമ്പനികളിൽ നടക്കുന്ന ലേലത്തിൽ വാങ്ങേണ്ട ഏലം അളവും വിലയും ഈ കുത്തക വ്യാപാരികളാണ് നിയന്ത്രിക്കുക. ഇതുമൂലം ഓരോ ദിവസവും നടക്കുന്ന ലേലത്തിൽ എത്രകിലോ ഏലക്കായ വാങ്ങണമെന്നും എന്തുവിലക്ക് വാങ്ങണമെന്നും തീരുമാനിക്കുക ഇൗ ലോബിയാണ്. ഈ കൂട്ടുകെട്ടിനെ മറികടക്കാൻ കേരളത്തിലെ കർഷകർക്കോ വ്യാപാരികൾക്കോ സാധിക്കില്ല.
ഇവരുടെ കുത്തക തകർക്കാൻ സ്പൈസസ് ബോർഡും ഒരു നീക്കവും നടത്തുന്നില്ല.
കേന്ദ്രസർക്കാറിെൻറ പുതിയ കാർഷിക നിയമത്തിെൻറ പിൻബലത്തിലാണ് സ്വകാര്യ കമ്പനികളുടെ ലേലരംഗത്തെ കടന്നുകയറ്റം.
മുമ്പ് പുറ്റടി സ്പൈസസ് പാർക്കിൽ സ്പൈസസ് ബോർഡ് നിയന്ത്രണത്തിൽ നടന്ന ലേലമാണ് ഇല്ലാതായത്. കോവിഡ് പ്രതിസന്ധിയുടെ പേരുപറഞ്ഞ് തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾ കേരളത്തിലേക്ക് വരാതായതാണ് പുറ്റടിയിലെ ലേലം നിലക്കാൻ കാരണമെന്ന് പറയുന്നു. അതേസമയം, സ്വകാര്യ കമ്പനികളും കച്ചവടക്കാരും ഉത്തരേന്ത്യൻ ലോബിയും ചേർന്ന് നടത്തിയ നീക്കത്തിെൻറ പരിണിതഫലം കുടിയാണ്.
കർഷകർ സംഘടിക്കണം
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലം കർഷകർ ഒത്തുകൂടേണ്ട സമയം സമാഗതമായെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ആൻറണി കുഴിക്കാട്ട് പറഞ്ഞു. ഇത് ഏലം കർഷകെൻറ നിലനിൽപിെൻറ പ്രശ്നമാണ്. ഏലക്കായുടെ വില മണിക്കൂറുകൾ കൊണ്ട് മാറിമറിയുകയാണ്. കാരണക്കാർ ഒന്നാംസ്ഥാനത്ത് സ്പൈസസ് ബോർഡും രണ്ടാംസ്ഥാനത്ത് ഓക്ഷൻ കമ്പനികളുമാണ്, ഏലക്കായുടെ വില നിയന്ത്രിക്കുന്നതിൽ ഞങ്ങൾക്ക് ഒരുപങ്കും ഇല്ലെന്ന നിലയിലാണ് സ്പൈസസ് ബോർഡ്. ലേല ഏജൻസികൾ അവരുടെ ഇഷ്ടത്തിന് ഇപ്പോൾ ലേലം ക്രമീകരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.