മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ നടന്ന നൂതന അഗ്രിടൂറിസം പരിപാടിയായ ‘റുമ്മാന’ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് എത്തിയത് 51,078 പേർ. കഴിഞ്ഞ വർഷം നടന്ന പ്രഥമ പരിപാടിയിൽ 22,482 പേർ മാത്രമായിരുന്നു സന്ദർശകർ. സീഹ് കിത്ന ഗ്രാമത്തിലെ ജനേൻ ഫാമിൽ ആയിരുന്നു റുമ്മാന പരിപാടികൾ അരങ്ങേറിയത്.
വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെ എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇവന്റിൽ ഒരുക്കിയിരുന്നത്. വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണം, പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഇവിടെ സജ്ജീകരിച്ചിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കലും പരിസ്ഥിതിസൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കലുമാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചത്.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്), ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനി (നിതാജ്) എന്നിവയുടെ സംയുക്ത സംരംഭമായ ടീപ്പിയും അഗ്രിടൂറിസം ഡെവലപ്മെന്റ് കമ്പനിയും (ജനേൻ) സഹകരിച്ചാണ് പരിപാടി നടത്തിയത്. പൈതൃക, ടൂറിസം മന്ത്രാലയവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും തന്ത്രപ്രധാന പങ്കാളികളായി കൈകോർത്തു. ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ആണ് ഇവന്റിന്റെ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിട്ടത്.
റുമ്മാനയുടെ രണ്ടാം പതിപ്പിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 45 ചെറുകിട ഇടത്തരം കമ്പനികളുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് ടൂറിസം അഗ്രികൾചർ ഡെവലപ്മെന്റ് കമ്പനി (ജനേൻ) ഫീൽഡ് വർക്ക് ടീം മേധാവി എൻജിനീയർ ഖാലിദ് ബിൻ ഹമദ് അൽ അഗ്ബാരി പറഞ്ഞു.
മാതളനാരങ്ങ വിളവെടുപ്പ് സീസൺ തുടങ്ങിയതോടെ സന്ദർശകരുടെ വരവിൽ ഗണ്യമായ വർധനയാണുണ്ടായത്ത്. ഏകദേശം 10,000 റിയാൽ മൂല്യം വരുന്ന 5,000 കിലോ മാതളനാരങ്ങ ഈ സീസണിൽ വിറ്റു. 667 മാതള മരങ്ങളിൽ നിന്നായി 8.5 ടണിലധികം വിളവാണ് ഈ വർഷം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.