കൊല്ലങ്കോട്: ഉൽപാദനം കുത്തനെ കുറഞ്ഞതും മാങ്ങക്ക് വിലയില്ലാത്തതും മാംഗോസിറ്റിയിലെ കർഷകരെ വലക്കുന്നു. മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളിലായി 7,000ത്തിലധികം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മാവിൻതോട്ടങ്ങളിൽ കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മൂലം ഇത്തവണ വിളവ് കുത്തനെ കുറഞ്ഞിരുന്നു. എന്നിട്ടും വിലയിൽ ഒട്ടും വർധന ഉണ്ടായിട്ടില്ല. ബങ്കനപ്പള്ളി 35-50, സിന്ദൂരം 30- 50, ആപോസ്- 60-80, തോത്തപേരി- 15- 20, അൽഫോൻസ - 60-80, ഹിമപസന്ത് - 80- 100, കലാപാടി - 60 - 70, നിലം 45 -50, റിമോണിയ - 30-40, ചക്കരപുട്ടി 70 - 80 എന്നിങ്ങനെയാണ് നിലവിൽ കർഷകർക്ക് വില ലഭിക്കുന്നത്. വർഷത്തിൽ 500- 680 കോടി രൂപ വരെ മാങ്ങ വിൽപനയുണ്ടായിരുന്ന മുതലമടയിൽ ഇത്തവണ റെക്കോഡ് തകർച്ചയാണ്.
കോടികൾ ചെലവഴിച്ച് മാവ് കൃഷിക്കായി പദ്ധതികൾ തയാറാക്കുന്ന സർക്കാർ മുതലമടയിൽ മാവ് കർഷകർക്കായി പ്രത്യേക ഓഫിസ് സ്ഥാപിച്ച് വിദഗ്ധരെ നിയമിക്കണമെന്ന് കർഷകൻ പി.എസ്. സതീഷ് ആവശ്യപ്പെട്ടു. ഡൽഹി, മുംബൈ, കോൽക്കത്ത, അഹ്മദാബാദ്, സൂറത്ത്, ഭോപാൽ, ജൈപ്പൂർ എന്നീ നഗരങ്ങളിലേക്കും ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും മാങ്ങ കയറ്റുമതി ചെയ്തിരുന്ന ഇവിടെ നിലവിൽ കയറ്റുമതി നാമമാത്രമായതായി മാങ്ങ കച്ചവടക്കാരനും കർഷകനുമായ സി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു. വിഷു കഴിഞ്ഞാൽ കൂടുതൽ വിലത്തകർച്ച ഉണ്ടാകുമെന്ന് കർഷകർ പറയുന്നു.
മാവ് കൃഷിരീതി പഠിക്കാൻ ഇസ്രായേലിലേക്ക് വരെ സർക്കാർ ചെലവിൽ മുതലമടയിലെ കർഷകൻ പോവുകയും ഇസ്രായേലിൽനിന്ന് കൃഷി വിദഗ്ധൻ മുതലമട സന്ദർശിക്കുകയും ചെയ്ത സാഹചര്യത്തിൽ കാലാവസ്ഥ അതിജീവിച്ച് രോഗങ്ങളെ ചെറുത്ത് നല്ല രീതിയിൽ മാങ്ങ ഉൽപാദിപ്പിക്കുന്ന മേഖലയായി മുതലമടയെയും പരിസര പഞ്ചായത്തുകളെയും മാറ്റാൻ സർക്കാറിന്റെ പ്രത്യേക ശ്രദ്ധ വേണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.