മുതലമട: മാവ് കൃഷിയിൽ സാങ്കേതികതയും ഏകീകരണവും അത്യാവശ്യമാണെന്ന് ഇസ്രായേൽ കൃഷി പ്രിൻസിപ്പൽ അറ്റാഷെ ഡോ. യെർഇഷെൽ പറഞ്ഞു. മുതലമടയിലെ മാവ് കൃഷി സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മണ്ണ് പരിശോധിച്ചശേഷം മാത്രമേ മാവ് കൃഷിയിലേക്ക് ഇറങ്ങാവൂ എന്ന് മാവിൻ തോട്ടത്തിലെത്തി കർഷകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും ഇസ്രായേൽ സന്ദർശിച്ചിരുന്ന കർഷക സംഘത്തിന്റെ തുടർ പ്രവർത്തന ഭാഗമായാണ് ഇസ്രായേൽ അറ്റാഷെയുടെ നേതൃത്വത്തിലുള്ള സംഘം മുതലമട മാവിൻതോട്ടം, നെല്ലിയാമ്പതി ഒറഞ്ച് ഫാം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചത്.
മാവ് കൃഷിയിൽ ഗ്രൂപ്പ് ഫാമിങ് അത്യാവശ്യമാണ്, മണ്ണ് പരിശോധനയും മണ്ണിന്റെ ഗുണനിലവാരങ്ങൾ ക്രമീകരിച്ചേ കൃഷിയിലേക്ക് ഇറങ്ങാവൂ. ജലസേചനത്തിൽ ഇസ്രായേൽ ഡ്രിപ്പ് ഇറിഗേഷൻ സാങ്കേതികവിദ്യ ഗുണം ചെയ്യും. ഒരേസമയം ഒരുപോലെ വളപ്രയോഗം നൽകിയില്ലെങ്കിൽ മാവിൻതോട്ടങ്ങൾക്ക് ഗുണം ലഭിക്കില്ല. മാവുകളുടെ ചില്ലകൾ മുറിച്ച് ബ്രൂണിങ് ചെയ്യണം.
തോട്ടത്തിൽ നിരന്തര നിരീക്ഷണം വേണം, ഇസ്രായേലിൽ നടത്തുന്നതുപോലുള്ള ശ്രദ്ധ മുതലമടയിലെ മാവിൻ തോട്ടങ്ങളിൽ ഇല്ല. ജലസേചനരീതിയിൽ വളപ്രയോഗം, കൃഷിയിടത്തിലെ ഗുണമേന്മ പരിശോധിക്കണം, കീടനാശിനി, വളപ്രയോഗങ്ങൾ നടത്തിയാൽ മാവ് കൃഷിയിൽ മാറ്റമുണ്ടാകും. മാവിലെ വിവിധരോഗങ്ങൾക്ക് ഒരേരീതിയിൽ കീടനാശിനി ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് ഡോ. യെർഇഷെൽ പറഞ്ഞു.
ഇസ്രായേലിൽ 25 സെൻറ് ഭൂമിയിൽ ആറ് ടൺ പഴവർഗങ്ങൾ വരെ വിളവെടുക്കുന്നുണ്ട്. ഏക്കറിന് 100 ടൺ വരെ തക്കാളി ഉൽപാദിപ്പിക്കുന്നുണ്ട്. മണ്ണ്, ജലസേചനം, പരിപാലനം, വളപ്രയോഗം, കീടനിയന്ത്രണം, വിളവെടുപ്പ്, വിപണനം എന്നീ മേഖലകളിൽ ഇസ്രായേൽ മാതൃക അവിടെ ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
7000 ഹെക്ടറിലധികം മാവ് കൃഷിയുള്ള മുതലമടയിലെ കർഷകർക്ക് ഇസ്രായേൽ കൃഷിരീതിയുടെ പരിശീലന പരിപാടി നടത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൃഷി ഡയറക്ടർ കെ.എസ്. അഞ്ജു, ജില്ല കൃഷി ഓഫിസർ എസ്. ലക്ഷ്മിദേവി, ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് എ. നന്ദകുമാർ, അസി. ഡയറക്ടർ സമിതസാമുവൽ, മുതലമട കൃഷി ഓഫിസർ സി. അശ്വതി എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.കർഷകരായ വിൻസെന്റ്, മോഹനൻ, എ. ഷാജി, കൃഷ്ണദാസ് എന്നിവരുമായി വിദഗ്ധർ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.