തിരുവനന്തപുരം: വിവിധ ക്ഷീരസഹകരണ ഫെഡറേഷനുകള്‍ സംസ്ഥാന പരിധിക്ക് പുറത്ത് പാല്വില്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള കോഓപറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന് (മില്‍മ). അതിര്‍ത്തി കടന്നുള്ള പാല്വില്പന സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് വഴിവെക്കുന്നതും ക്ഷീരകര്‍ഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് ചെയര്മാന് കെ.എസ്. മണി. ചില ക്ഷീര സഹകരണ ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്.
ത്രിഭുവന്‍ദാസ് പട്ടേലിനെയും ഡോ. വര്‍ഗീസ് കുര്യനെയും പോലുള്ളവര്‍ കെട്ടിപ്പടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത രാജ്യത്തിന്റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നടപടിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കര്‍ണാടകയില്‍ ഉല്പന്നങ്ങള് വില്‍ക്കാനുള്ള അമുലിന്റെ (ഗുജറാത്ത് മില്‍ക് കോഓപറേറ്റിവ് ഫെഡറേഷന്) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു.
അതേസമയം, കര്‍ണാടക മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്പന്നങ്ങളും വില്ക്കാൻ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്തിടെ ഔട്ട്ലെറ്റുകള് തുറന്നിരുന്നു. ഇതു ന്യായീകരിക്കാനാകില്ല. ആരു ചെയ്താലും ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയും കര്‍ഷക താല്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന അധാര്‍മിക കീഴ്വഴക്കമാണിത്. ഈ പ്രവണത സംസ്ഥാനങ്ങളെ അനാരോഗ്യകരമായ മത്സരത്തിലേക്ക് നയിക്കും. ഈ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുചേര്‍ന്ന് സമവായം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മില്‍മ ഇനി കേരളമെങ്ങും ഒരേ രൂപത്തിൽ
തിരുവനന്തപുരം: മില്‍മ ഉല്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിങ് മില്‍മ 2023’ പദ്ധതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്ര മാറ്റം വരുത്തി ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. ഇടപ്പഴഞ്ഞി ആര്.ഡി.ആര് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ഏകീകൃത പാക്കിങ് ഡിസൈനിലുള്ള ഉൽപന്നങ്ങൾ മുഖ്യമന്ത്രി വിപണിയില്‍ ഇറക്കും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷതവഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും. ഏകീകൃത ഡിസൈനിൽ ഉല്പന്നങ്ങള് അവതരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂനിയനുകള്‍ ഇറക്കുന്ന പാല് ഒഴിച്ചുള്ള ഉല്പന്നങ്ങള് ഒരുപോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിൽ അവതരിപ്പിക്കും. വിലയും ഏകീകരിക്കും. എം.ടി. ജയന്, എന്‍. ഭാസുരാംഗന്, ആസിഫ് കെ. യൂസുഫ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.