തൃശൂർ: കേരള കാർഷിക സർവകലാശാല നാമനിർദ്ദേശം നൽകിയ രണ്ട് മലയാളി കർഷകർ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ നൂതന കർഷക അവാർഡിന് അർഹരായി. പാലക്കാട് ജില്ലക്കാരായ മൈക്കിൾ ജോസഫ് മുണ്ടത്താനവും സ്വപ്ന ജയിംസ് പുളിക്കത്താഴത്തും ഫെബ്രുവരി 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സ്വീകരിക്കും.
കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാർഡിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയത്. മുണ്ടത്താനം അപ്പച്ചൻ എന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്ന മൈക്കിൾ ജോസഫ് തൻറെ ജാതി കൃഷിക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ രൂപകൽപന ചെയ്യുന്നതിൽ ഏറെ വിദഗ്ധനാണ്. കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് കെ.എ.യു മുണ്ടത്താനം എന്ന ജാതിയിനം സൃഷ്ടിച്ചു. ജാതി ചെടിയിൽ ബലൂൺ ബഡ്ഡിങ് എന്ന രീതി സ്വന്തമായി വികസിപ്പിച്ചു ചെയ്തുവരുന്നു.
നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ചുള്ള സമ്മിശ്ര കൃഷിയിലൂടെയും മൂല്യവർദ്ധിത ഉൽപന്ന നിർമാണ വിപണനത്തിലൂടെയും കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാമെന്ന് തെളിയിക്കുന്നതാണ് സ്വപ്നയുടെ ഫാം. ശ്രീകൃഷ്ണപുരത്തിനടുത്തുള്ള കുളക്കാട്ടുകുറിശ്ശിയിലുള്ള ഫാമിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ധാരാളം കർഷകർ കൃഷിയറിവുകൾ നേടാനായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.