കട്ടപ്പന: സ്പൈസസ് ബോർഡിന്റെ കീഴിൽ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടക്കേണ്ട ഓൺലൈൻ ഏലക്ക ലേലം നെറ്റ്വർക് തകരാറിനെ തുടർന്ന് മുടങ്ങി. സുഗന്ധഗിരി സ്പൈസസ് ആൻഡ് പ്രമോഷൻ ട്രെഡിങ് കമ്പനിയുടെ കീഴിലുള്ള ഓൺലൈൻ ലേലമാണ് നടക്കേണ്ടിയിരുന്നത്.
ആകെ 172 ലോട്ടുകളാണ് വിൽപനക്കായി ലേലത്തിൽ കർഷകർ പതിച്ചിരുന്നത്. ആദ്യത്തെ 48 ലോട്ടുകൾ വിൽക്കുന്നത് വരെ സെർവർ പ്രശ്നം ഉണ്ടായില്ല. എന്നാൽ, തുടർന്ന് നെറ്റ്വർക് പ്രശ്നം മൂലം ലേലം തടസ്സപ്പെടുകയായിരുന്നു. ബോഡിനായ്ക്കന്നൂരിലാണ് പ്രശ്നം ഉണ്ടായത്. ഒരേ സമയത്ത് രണ്ടിടത്തും ഒരുപോലെ ലേലം നടക്കുന്നതിനാൽ ഒരു സ്ഥലത്തു തടസ്സം ഉണ്ടായാൽ ലേലം നിർത്തി വെക്കേണ്ടി വരും. ഒപ്റ്റിക്കൽ കേബിൾ മുറിഞ്ഞതാണ് കാരണമായി ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്. ലേലം തടസ്സപ്പെടുമ്പോൾ ശരാശരി വില 927 രൂപ നിലവാരത്തിലായിരുന്നു. മുടങ്ങിയ ലേലം ഇനി എന്ന് നടക്കുമെന്ന് വ്യക്തമല്ല. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എൻ.എല്ലും സ്പൈസസ് ബോർഡും. നെറ്റ്വർക് പ്രശ്നമുണ്ടാകുമ്പോൾ പകരം സംവിധാനം ഒരുക്കണമെന്ന് കർഷകരും ലേല ഏജൻസികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ബോർഡ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
എന്നാൽ, തിങ്കളാഴ്ച രാവിലെ നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രെഡീഷനൽ കാർഡമം പ്രമോഷൻ കമ്പനിയുടെ ഓൺലൈൻ ലേലം തടസ്സം കൂടാതെ നടന്നു. ആകെ വിൽപനക്ക് വന്ന 57495.8 കിലോഗ്രാമിൽ 56471.3 കിലോ വിറ്റു പോയി. കൂടിയ വില 1297 രൂപയും ശരാശരി വില 897.64 രൂപയും കർഷകർക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.