കർഷകദിനത്തിൽ ഒരുലക്ഷം ഇടങ്ങളിൽ പുതുതായി കൃഷി

തിരുവനന്തപുരം: കർഷകദിനത്തിൽ സംസ്ഥാനമൊട്ടാകെ ഒരുലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കൃഷിയിറക്കുമെന്നും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കാർഷിക മേഖലകളിൽ നേരിട്ടെത്തി കർഷകരോട് സംവദിക്കുന്ന 'കൃഷിദർശൻ' പരിപാടി ആരംഭിക്കുമെന്നും മന്ത്രി പി. പ്രസാദ്. പദ്ധതികളുടെ ഉദ്‌ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

25,000 കർഷക കൂട്ടായ്മകൾ രൂപവത്കരിച്ചാണ് ഒരുലക്ഷം കൃഷിയിടങ്ങൾ പുതുതായി ആരംഭിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിലും ആറ് കൃഷിയിടങ്ങളിൽ വീതം പുതുതായി കൃഷിയിറക്കാനാണ് പദ്ധതി. പന്തളം തെക്കേക്കര പഞ്ചായത്തിൽ 2 മണിക്കൂറിനിടെ 2000 കൃഷിടങ്ങളാണ് സജ്ജമാക്കുക. മുഹമ്മ പഞ്ചായത്തിൽ 648, ചേർത്തല തെക്ക് പഞ്ചായത്തിൽ 1000 എന്നിങ്ങനെയാണ് പങ്കാളിത്തം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് രൂപവത്കരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങൾക്കായിരിക്കും പുതുകൃഷിയിടങ്ങളുടെ നടത്തിപ്പുചുമതല.

കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും നടത്തും. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ കാർഷിക-ഭക്ഷ്യ ശാസ്ത്ര സാങ്കേതിക എക്സിബിഷൻ നടക്കും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം കൃഷി മന്ത്രി നേരിട്ട് കണ്ട് പദ്ധതി പുരോഗതി വിലയിരുത്തും. ജില്ലയിലെ കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്നങ്ങൾ മനസ്സിലാക്കുന്ന കാർഷിക അദാലത്തും നടത്തും.

പരിപാടിയിൽ പങ്കെടുക്കുന്ന കർഷകർക്ക് തൊപ്പി നൽകാൻ ആലോചിച്ചത് പദ്ധതി ആകർഷമാക്കുന്നതിനും പരിപാടിയുടെ പ്രചാരണത്തിനും വിജയത്തിനും സഹായകമാകുമെന്ന് കരുതിയാണ്. തൊപ്പി വാങ്ങിയതിൽ ഉദ്യോഗസ്ഥർ കമീഷൻ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വകുപ്പ് സെക്രട്ടറി ബി. അശോക് പറഞ്ഞു.

Tags:    
News Summary - New cultivation in one lakh places on Farmers Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.