കോട്ടയം: ജില്ലയിൽ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് മൃഗരോഗ നിയന്ത്രണ പ്രോജക്ട് ജില്ല കോഓഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു. താറാവുകൾ ചത്തതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ കുഞ്ഞുങ്ങളടക്കം 14,298 താറാവുകളാണ് ചത്തത്. വെച്ചൂർ- 4037, അയ്മനം -2465, കുമരകം -1246, കല്ലറ-6550 (കുഞ്ഞുങ്ങൾ) എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ എണ്ണം. ജില്ലയിൽ വേമ്പനാട് കായലിനോട് ചേർന്ന പഞ്ചായത്തുകളിലെ ചില കർഷകരുടെ താറാവിൻകൂട്ടങ്ങളിൽ കൂടുതൽ മരണം ഉണ്ടായിട്ടുെണ്ടന്ന് ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. രോഗബാധ സംശയിക്കുന്ന താറാവുകളെ ശേഖരിച്ച് വിശദപരിശോധനക്കായി ഭോപാലിലെ ദേശീയ ലാബിൽ എത്തിച്ചിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലെങ്കിലും കലക്ടറുടെ നിർദേശപ്രകാരം ദ്രുതകർമ സേന രൂപവത്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.നന്നായി വേവിച്ച മുട്ടയും താറാവ്-കോഴി ഇറച്ചിയും പൂർണമായും ഭക്ഷ്യയോഗ്യമാണ്. പച്ച മാംസം കൈകാര്യം ചെയ്തശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നതിന് ൈകയുറയും മാസ്കും ഉപയോഗിക്കണം.
രോഗം ബാധിച്ചതോ രോഗം ബാധിച്ച് ചത്തതോ ആയ കോഴികളുടെയും താറാവുകളുടെയും മാംസം കഴിക്കകയോ മറ്റുള്ളവർക്ക് കഴിക്കാൻ നൽകാനോ പാടില്ല. രോഗബാധ വന്ന് ചത്തുപോകുന്ന കോഴികളെയും താറാവുകളെയും വെള്ളത്തിലോ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ കത്തിച്ചുകളയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.