പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷിക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളുടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്. കബനി തീരങ്ങളായ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള തീരദേശങ്ങളിൽ നെല്ല്, വാഴ തുടങ്ങിയ കൃഷികൾ ചെയ്യുന്നവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
പുഞ്ചകൃഷി ചെയ്ത പാടങ്ങൾ വിണ്ടുകീറി. കബനി നദിയിൽനിന്ന് വെള്ളം പമ്പ് ചെയ്തായിരുന്നു കൃഷി ചെയ്തിരുന്നത്. വാഴകൃഷിക്കും ധാരാളം വെള്ളം ആവശ്യമാണ്. വിളവെടുക്കാൻ ഒന്നോ രണ്ടോ മാസം ബാക്കിനിൽക്കെയാണ് വാഴ കർഷകർക്ക് ഇരുട്ടടിയായി കനത്ത ചൂട് തുടരുന്നത്.
കുഴൽ കിണറുകളിൽപോലും വെള്ളം ഇല്ലാതായി. വേനൽ മഴ ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കൃഷി എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ജില്ലയിൽ താപനില ഉയരുന്നത് കർഷകരെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പലയിടങ്ങളിലും വേനൽ മഴ ലഭിച്ചെങ്കിലും പുൽപള്ളിയിൽ മഴ തീരെ ലഭിച്ചിട്ടില്ല.
പുൽപള്ളി: മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലെ വരൾച്ചയെക്കുറിച്ച് പഠിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചു. വരൾച്ചയുടെ രൂക്ഷത സർക്കാറിനെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി, സീതാമൗണ്ട്, പാറക്കവല, ചാമപ്പാറ, കുന്നത്തുകവല, ശശിമല പ്രദേശങ്ങളിലും പുൽപള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് ജില്ല കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയത്. പ്രദേശത്ത് കഴിഞ്ഞ തവണ കാലവർഷം തീരെ കുറവായിരുന്നു. ജല സ്രോതസ്സുകൾ ഭൂരിഭാഗവും വറ്റി. കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിക്കരിയുകയാണ്. ക്ഷീര മേഖലയേയും വരൾച്ച രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
കുരുമുളകും കാപ്പിയും ഉൾപ്പെടെയുള്ള വിളകൾ ഇതിനകം 200 ഹെക്ടറിലേറെ സ്ഥലത്ത് നശിച്ചിട്ടുണ്ട്. വരും ദിനങ്ങളിലും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കൃഷിയാകെ നശിക്കുമെന്ന അവസ്ഥയാണ്. വരൾച്ചയിൽ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് ജില്ല കൃഷി വകുപ്പാണ് പഠനസംഘത്തെ നിയോഗിച്ചത്.
ഇവർ നൽകുന്ന റിപ്പോർട്ട് അടുത്ത ദിവസം സർക്കാറിന് കൈമാറും. തുടർ കാര്യങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ടി. ബിനോയി, മുള്ളൻകൊല്ലി കൃഷി ഓഫിസർ ടി.എസ്. സുമിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.