ചെറുതോണി: മൃഗാശുപത്രികളിൽ മരുന്ന് കിട്ടാതായതോടെ ക്ഷീരകർഷകർ ചികിത്സ ചെലവ് താങ്ങാനാവാതെ വലയുന്നു. അകിടുവീക്കം, വന്ധ്യത, സാംക്രമികരോഗങ്ങൾ എന്നിവയുടെ ചികിത്സ ദിവസങ്ങൾ നീളുമെന്നതിനാൽ മരുന്നുകൾക്കും മറ്റുമായി വൻതുക കർഷകൻ മുടക്കേണ്ടിവരുന്നു. ആന്റിബയോട്ടിക് കുത്തിവെപ്പുൾപ്പെടെ വില കൂടിയ മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് കർഷകർ.
മൃഗചികിത്സക്ക് ആവശ്യമായ ആന്റിബയോട്ടിക്കുകൾ, ആന്റിഇൻഫോർമേറ്ററി, ഗ്ലൂക്കോസ്, ഓയിൻമെന്റുകൾ, ഗുളികകൾ തുടങ്ങിയവക്ക് മെഡിക്കൽ സ്റ്റോറുകളിൽ വൻ വിലയാണ്. അകിടുവീക്കം പോലുള്ള രോഗങ്ങൾക്ക് മൂന്നുമുതൽ അഞ്ചു ദിവസം വരെ ചികിത്സിക്കേണ്ടതായിവരും. ഓരോ ദിവസവും 500 മുതൽ 1000 രൂപ വരെ മരുന്നിന് ചെലവിടേണ്ടിവരും.
വന്ധ്യത ചികിത്സക്കും കൈകാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പാവുന്ന അവസ്ഥയിലും കൂടുതൽ ദിവസം ചികിത്സ ആവശ്യമായിവരും. കഴിഞ്ഞ ആറുവർഷത്തിനിടെ മരുന്നു വിതരണത്തിൽ 50 ശതമാനത്തോളം കുറവാണ് നേരിട്ടിരിക്കുന്നത്. മുമ്പ് വർഷത്തിൽ മൂന്നുതവണ മരുന്നുകൾ സപ്ലൈ ചെയ്തിരുന്നു. ഇപ്പോഴത് ഒരുതവണയാക്കി മാറ്റി. ഡിസ്പെൻസറി, ആശുപത്രി, പോളിക്ലിനിക് എന്നിവിടങ്ങളിൽ ഒരേ അളവിലാണ് മരുന്നുകൾ നൽകുന്നത്. ആശുപത്രികളിൽ ചികിത്സക്ക് കൊണ്ടുവരുന്ന മൃഗങ്ങളുടെ എണ്ണം കൂടുതലായതിനാൽ ലഭിക്കുന്ന മരുന്നുകൾ ദിവസങ്ങൾക്കുള്ളിൽ തീരും. പിന്നീട് വരുന്നവർ ഇരട്ടിവില കൊടുത്ത് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങേണ്ടിവരുന്നു. സെൻട്രലൈസ്ഡ് പർച്ചേസിങ് സിസ്റ്റമാണ് അനിമൽ ഹസ്ബൻഡ്രി ഡിപ്പാർട്മെന്റ് പിന്തുടരുന്നത്.
കുറഞ്ഞ വിലക്ക് മരുന്നുകൾ കരാർ അടിസ്ഥാനത്തിൽ നൽകേണ്ടതിനാൽ മരുന്നുകളുടെ ഗുണമേന്മയിലും കരാറെടുക്കുന്നവർ കുറവ് വരുത്താറുണ്ട്. വർധിച്ചുവരുന്ന ചികിത്സ ചെലവുകൾ ക്ഷീരകർഷകരെ വട്ടംചുറ്റിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.