അരൂർ: അരൂരിലെ ഏക്കറുകണക്കിന് പാടങ്ങൾ കതിരുകാണാ പാടങ്ങളാകുന്നു. കുമ്പഞ്ഞി, വട്ടക്കേരി, ഇളയപാടം വെളുത്തുള്ളി തുടങ്ങി നൂറുകണക്കിന് ഏക്കർ പൊക്കാളി പാടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. തികച്ചും കാർഷികമേഖലയായിരുന്ന അരൂർ ഗ്രാമപഞ്ചായത്തിൽനിന്ന് നെൽകൃഷി അകന്നിട്ട് വർഷങ്ങളായി. കൃഷി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി മാത്രം കർഷകസംഘങ്ങൾ പേരിന് നെൽകൃഷി നടത്താറുണ്ടെങ്കിലും സമഗ്ര നെൽകൃഷിയില്ല.
ലാഭകരമായ മത്സ്യകൃഷി മുഴുവൻ സമയവും നടത്താനാണ് കർഷകർക്ക് താൽപര്യം. 'ഒരുമീനും ഒരു നെല്ലും' എന്ന സർക്കാർ നയം നടപ്പാക്കണമെന്ന കലക്ടറുടെ ഉത്തരവ് നിർബന്ധപൂർവം നടപ്പാക്കുമെന്നായപ്പോൾ പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പ് അധികൃതരും നെൽകൃഷിക്ക് വേണ്ടി കർഷകസംഘങ്ങളെ പ്രേരിപ്പിക്കുകയാണ്. കൃഷി ചെയ്യാൻ തയാറല്ലെങ്കിൽ മഴവെള്ളം നെൽപാടങ്ങളിൽ കെട്ടിനിർത്താനെങ്കിലും തയാറാകണമെന്ന് കർഷകരോട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നു. തുടർച്ചയായി നെൽപ്പാടങ്ങളിൽ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാലാണിത്. മഹാപ്രളയത്തിനുശേഷം അരൂർ മേഖലയിലുണ്ടായ അസാധാരണ വേലിയേറ്റങ്ങൾ പാടശേഖരങ്ങൾക്ക് അരികിലെ നൂറുകണക്കിന് വീടുകളെയാണ് വെള്ളത്തിലാക്കിയത്. മൺചിറ ഉറപ്പിക്കുന്നതിനും പാടത്തുനിന്ന് വെള്ളം പമ്പുചെയ്ത് കളയാനും വിതക്കാനും കൊയ്യാനും പഞ്ചായത്ത് ബജറ്റുകളിൽ തുക മാറ്റിവെക്കാറുണ്ട്.
എന്നാൽ, കഴിഞ്ഞ വർഷം ഒരു രൂപപോലും നെൽകൃഷിക്കുവേണ്ടി അരൂർ പഞ്ചായത്തിന് ചെലവാക്കേണ്ടി വന്നിട്ടില്ല. പറയാൻതക്ക കൃഷി ഇല്ലാത്തതുതന്നെ കാരണം.
നെൽകൃഷി വീണ്ടെടുക്കാൻ പഞ്ചായത്ത് ത്വരിത നീക്കത്തിലാണിപ്പോൾ. ഈ സാഹചര്യത്തിലാണ് അപൂർവമായ പൊക്കാളികൃഷി നടപ്പാക്കുന്നതിന് വകുപ്പുകൾ എല്ലാം യോജിച്ച് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, അരൂർ കൃഷി ഓഫിസർ ആനി പി. വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെയ്ചൽ സോഫിയ അലക്സാണ്ടർ, പഞ്ചായത്ത് അസി. സെക്രട്ടറി ശ്യാംലാൽ, പഞ്ചായത്ത് എൻജിനീയറിങ്, ഫിഷറീസ് വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധികളും അരൂരിലെ പ്രമുഖ പൊക്കാളി പാടശേഖര സമിതികളായ കുമ്പഞ്ഞി, ഇളയപാടം, മൂപ്പന്തറ, ചക്കശ്ശേരി, കറുകത്തല, തഴുപ്പ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. വിശിഷ്ടമായ പൊക്കാളി നെൽകൃഷി നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളെ ചേർത്ത് മോണിറ്ററിങ് സെല്ലും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.