മസ്കത്ത്: കാർഷിക ഉൽപാദനത്തിൽ മികച്ച മുന്നേറ്റവുമായി വടക്കൻ ശർഖിയ ഗവർണറേറ്റ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2,50,000 ടണ്ണാണ് ഉൽപാദനം കൈവരിച്ചത്. ഗവർണറേറ്റിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വടക്കൻ ശർഖിയയിലെ അഗ്രികൾച്ചർ ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ ഡോ.അബ്ദുൽ അസീസ് ബിൻ അലി അൽ മഷൈഖിയാണ് ഇക്കാര്യം പറഞ്ഞത്. ഗവർണറേറ്റിലെ ഫലവിളകൾക്കായുള്ള പ്രദേശങ്ങൾ 2.3 ശതമാനം വർധിച്ചു. ഏകദേശം 285 ഹെക്ടർ ഭൂമിയിൽനിന്ന് 4,238 ടൺ വിളവ് ലഭിച്ചു.
ഈത്തപ്പഴ കൃഷിയുടെ ഭൂവിസ്തൃതിയിൽ 1.3ശതമാനം വളർച്ചയുണ്ടായി. 3,000 ഹെക്ടറിലധികമായി 54,188 ടൺ ഈത്തപ്പഴമാണ് ഉൽപാദിപ്പിച്ചത്. ഈത്തപ്പഴ ഉൽപാദനത്തിൽ ഗവർണറേറ്റുകളിൽ വടക്കൻ ശർഖിയ നാലാം സ്ഥാനത്താണ്.മൊത്തം ഉൽപാദനത്തിന്റെ 14 ശതമാനവും ഈ ഗവർണറേറ്റിൽനിന്നാണ്.
ഗവർണറേറ്റുകളിലെ ഈത്തപ്പനകളുടെ എണ്ണം 9,40,490 ആണ്. ബസൂർ (മബ്സാലി) ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിൽ ഗവർണറേറ്റ് രണ്ടാം സ്ഥാനത്താണ്. 8,694 ടൺ ആണ് ഇവിടത്തെ ഉൽപാദനം. ഉൽപാദനം വർധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളും ഹരിതഗൃഹങ്ങളും ഉപയോഗിക്കാനുള്ള നിർദേശത്തോടെ ഗവർണറേറ്റ് നിക്ഷേപ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. വടക്കൻ ശർഖിയ ഈ വർഷം 27 നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ചതായും ഡോ. മഷൈഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.