കട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിൽ ഏലക്ക ലേലം നടത്താത്ത ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കാട്ടി സ്പൈസസ് ബോർഡ് രണ്ട് ഏജൻസികൾക്ക് നോട്ടീസ് നൽകി.
പുറ്റടി സ്പൈസസ് പാർക്കിലെ ഏലക്ക ലേലം ഉപേക്ഷിച്ച് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച് 11 ഏജൻസികൾ സ്വതന്ത്ര ഏലക്ക ഓൺലൈൻ വ്യാപാരം ആരംഭിച്ചത് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സ്പൈസസ് ബോർഡിെൻറ ഇടപെടൽ.
നാല് ആഴ്ചയായി ലേലം നടത്താത്ത ഏജൻസികൾക്കാണ് നോട്ടീസ് അയച്ചത്. ലേലം തുടർന്നില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുറ്റടി സ്പൈസസ് പാർക്കിൽ 12 ഏജൻസികളാണ് ഓൺലൈൻ ലേലം നടത്തിയിരുന്നത്. ഇതിൽ 11 ഏജൻസികളും ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച് സ്വതന്ത്ര ഏലക്ക ഓൺലൈൻ ലേലം തുടങ്ങി. രണ്ടാഴ്ചക്കകം തുടർന്നില്ലെങ്കിൽ ഈ ഏജൻസികൾക്കും സ്പൈസസ് ബോർഡ് നോട്ടീസ് നൽകിയേക്കും.
സ്പൈസസ് പാർക്കിലെ ഓൺലൈൻ ലേലം അട്ടിമറിക്കാൻ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ച് ഉത്തരേന്ത്യൻ ലോബിയും സ്വകാര്യ ഓൺലൈൻ ലേലം നടത്തുന്ന കമ്പനികളും നടത്തിയ നീക്കത്തെ തുടർന്നാണ് പുറ്റടി സ്പൈസസ് പാർക്കിലെ ലേലം നിലച്ചത്.
പുറ്റടിയിൽ ലേലം നടക്കുമ്പോൾ സാധാരണ തമിഴ്നാട്ടിൽ നിന്ന് 60 ഓളം വ്യാപാരികളും ഉത്തരേന്ത്യേൻ വ്യാപാരികളുടെ ഏജൻറുമാരും പങ്കെടുക്കാറുണ്ട്. യാത്രപ്പടിയും ടി.എയും നൽകിയാണ് ലേല ഏജൻസികൾ വ്യാപാരികളെ എത്തിച്ചിരുന്നത്. പുറ്റടിയിലേത് നിലച്ചാൽ സ്വകാര്യ കമ്പനികളുടെ ഓൺലൈൻ ലേലത്തെ മാത്രം ആശ്രയിച്ചായിരിക്കും വില. ഇത് കർഷകർക്ക് തിരിച്ചടിയാകും.
ഉത്തരേന്ത്യൻ വ്യാപാരികളുമായി അടുത്ത ബന്ധമുള്ള ലേല ഏജൻസികൾക്ക് സ്വകാര്യ ലേലം നടത്തുന്നത് വലിയ ലാഭം ഉണ്ടാക്കും. സ്വതന്ത്ര ഏലക്ക വ്യാപാരം ലേല ഏജൻസികൾ തുടങ്ങിയ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ സ്പൈസസ് ബോർഡ് പുതിയ സോഫ്റ്റ്വെയർ തയാറാക്കി വരികയാണ്. ഇതിന് കാലതാമസം വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്പൈസസ് ബോർഡ് നൽകിയ നോട്ടീസ് കമ്പനികൾ എത്ര വകെവക്കുമെന്നതിനെ ആശ്രയിച്ചാണ് പുറ്റടിയിലെ ഏലക്ക ലേലം നിലനിൽക്കുക.
കമ്പനികൾ ഇത് തള്ളി സ്വതന്ത്ര ലേലവുമായി മുന്നോട്ടു പോയാൽ കമ്പനികളുടെ ലൈസൻസ് റദ്ദ് ചെയ്യാനാണ് സ്പൈസസ് ബോർഡിെൻറ നീക്കം. എന്നാൽ, കേന്ദ്ര സർക്കാർ നിയമമനുസരിച്ചു സ്പൈസസ് ബോർഡിെൻറ ലൈസൻസ് ഇല്ലാതെത്തന്നെ ലേലം നടത്താൻ സ്വതന്ത്ര കമ്പനികൾക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.